പൗരത്വഭേദഗതി നിയമം അംഗീകരിക്കാനാവില്ല; തമിഴ്നാട്ടില്‍ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കണം: വിജയ്
ചെന്നൈ : പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരേ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സാമൂഹിക ഐക്യം നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പുണ്ടാക്കുന്ന സിഎഎ പോലുള്ള ഏതൊരു നിയമവും നടപ്പാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വിജയ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
തമിഴ്നാട്ടില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും വിജയ് ആവശ്യപ്പെട്ടു. പാര്‍ട്ടി രൂപവത്കരിച്ച ശേഷമുളള ആദ്യ രാഷ്ട്രീയ പ്രതികരണമാണ് സിഎഎ വിഷയത്തില്‍ വിജയ് നടത്തുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി നിലവില്‍വരുന്നവിധം വിജ്ഞാപനമിറക്കിയത്. പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും.
2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.