അനില്‍ ദേശ്മുഖിന്റെ രാജി; മഹാരാഷ്ട്രയില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല വാല്‍സെ പാട്ടീലിന്

Update: 2021-04-05 18:09 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല ഏറ്റെടുത്ത് എന്‍സിപി നേതാവ് ദിലീപ് വാല്‍സെ പാട്ടീല്‍. അഴിമതി ആരോപണത്തെത്തുടര്‍ന്ന് എന്‍സിപി നേതാവായ അനില്‍ ദേശ്മുഖ് ആഭ്യന്തരമന്ത്രിസ്ഥാനം രാജിവയ്ക്കുകയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി സ്വീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് വാല്‍സെ പാട്ടീല്‍ ചുമതല ഏറ്റെടുത്തത്. പാട്ടീല്‍ നിലവില്‍ താക്കറെ മന്ത്രിസഭയിലെ തൊഴില്‍, എക്‌സൈസ് മന്ത്രിയാണ്. ഏഴ് തവണ എംഎല്‍എ ആയിട്ടുള്ള അദ്ദേഹം ശരത് പവാറിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്.

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അദ്ദേഹത്തിന്റെ പിതാവും പവാറിന്റെ അനുയായി ആയിരുന്നു. മുംബൈ മുന്‍ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച അഴിമതി ആരോപണം മഹാരാഷ്ട്രയില്‍ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയും മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തിലാണ് അനില്‍ ദേശ്മുഖ് സ്ഥാനമൊഴിഞ്ഞത്. മന്ത്രിക്കെതിരായ അഴിമതി ആരോപണത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ ബോംബെ ഹൈക്കോടതി സിബിഐയ്ക്ക് തിങ്കളാഴ്ച ഉത്തരവ് നല്‍കിയിരുന്നു.

അന്വേഷണം സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിലുള്ള മുംബൈ പോലിസിന് കൈമാറിയാല്‍ ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങളില്‍ സ്വതന്ത്രാന്വേഷണം നടത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന് ശേഷം ആഭ്യന്തരമന്ത്രിയായി തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് താക്കറെയ്ക്ക് അയച്ച രാജി ക്കത്തില്‍ ദേശ്മുഖ് പറഞ്ഞു.

Tags: