പ്രശസ്ത ടെലിവിഷന്‍ താരം പ്രിയ അന്തരിച്ചു

Update: 2025-08-31 07:25 GMT

മുംബൈ: ബോളിവുഡ് നടിയും പ്രശസ്ത ടെലിവിഷന്‍ താരവുമായ പ്രിയ മറാത്തെ (38) അന്തരിച്ചു. അര്‍ബുദ ബാധിതയായി ചികില്‍സയിലായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ മുംബൈ മിറാ റോഡിലെ വസതിയിലായിരുന്നു അന്ത്യം. രണ്ട് വര്‍ഷം മുന്‍പാണ് പ്രിയയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. നടന്‍ ശാന്തനു മോഗാണ് ഭര്‍ത്താവ്.

പവിത്ര റിഷ്ത എന്ന ടെലിവിഷന്‍ പരമ്പരയില്‍ സുശാന്ത് സിങ് രാജ്പുത്തിനൊപ്പം വര്‍ഷയെന്ന വേഷത്തില്‍ പ്രിയ വന്‍ ജനപ്രീതി നേടിയിരുന്നു. യാ സുഖാനോ യാ എന്ന സീരിയലിലൂടെയാണ് പ്രിയ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ചാര്‍ ദിവസ് സ്വാസ്ച് ഉള്‍പ്പടെയുള്ള സീരിയലുകളിലൂടെ തിരക്കേറിയ താരമായി. കസം സേയാണ് പ്രിയ ആദ്യമായി അഭിനയിച്ച ഹിന്ദി പരമ്പര. ഇതില്‍ വിദ്യാ ബാലിയെന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്. ജ്യോതി മല്‍ഹോത്രയായി ബഡേ അച്ചേ ലഗ്‌തേ ഹേയില്‍ ചെയ്ത വേഷവും ശ്രദ്ധേയമായി. ഉത്തരണ്‍, ഭാരത് കാ വീര്‍ പുത്ര് മഹാറാണ പ്രതാപ്, സാവ്ധാന്‍ ഇന്ത്യ, ആട്ടാ ഹൗ ദേ ദിഖാന, തു തിത്തേ മീ എന്നിവയും പ്രിയ അവിസ്മരണീയമാക്കി.

2023ല്‍ തുസേ മി ഗീത ഗാത് അയേ എന്ന് പരിപാടിയില്‍ നിന്നും പെട്ടെന്ന് ആരോഗ്യകാരണങ്ങളാല്‍ പ്രിയ പിന്‍മാറിയിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഇതോടെ താരം സമൂഹ മാധ്യമങ്ങളില്‍ നിന്നടക്കം പിന്‍വലിഞ്ഞാണ് കഴിഞ്ഞിരുന്നത്.