തെലങ്കാന റോഡുകള്‍ പുതിയ പേരില്‍; 'രത്തന്‍ ടാറ്റ റോഡ്, ട്രംപ് റോഡ്, ഗൂഗിള്‍ സ്ട്രീറ്റ് റോഡ്'
ഹൈദരാബാദ്: ഹൈദരാബാദിലെ നിരവധി പ്രധാന റോഡുകളുടെ പേര് മാറ്റാന്‍ തീരുമാനിച്ച് തെലങ്കാന സര്‍ക്കാര്‍. തെലങ്കാന സര്‍ക്കാരിന്റെ ഓദ്യോഗിക പ്രസ്താവനയിലൂടെയാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇക്കാര്യം അറിയിച്ചത്. നിര്‍ദിഷ്ട റോഡുകള്‍ക്ക് പ്രമുഖ വ്യക്തികളുടെയും ആഗോള കമ്പനികളുടെയും പേരുകള്‍ നല്‍കാനാണ് തീരുമാനം. അവരെ ആദരിക്കുന്നതിനും നഗരത്തിന് ദേശീയ, അന്തര്‍ദേശീയ അംഗീകാരം നേടുന്നതിനുമായാണ് നിര്‍ണായക തീരുമാനം.
ഔട്ടര്‍ റിങ് റോഡിലെ രവിരിയാലയില്‍ നിന്ന് ഫ്യൂച്ചര്‍ സിറ്റിയിലേക്കുള്ള 100 മീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് റേഡിയല്‍ റോഡിന് അന്തരിച്ച വ്യവസായി രത്തന്‍ ടാറ്റയുടെ പേര് നല്‍കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. രവിരിയാല ഇന്റര്‍ചേഞ്ചിന് ഇതിനകം ടാറ്റ ഇന്റര്‍ചേഞ്ച് എന്ന് പേരിട്ടിട്ടുണ്ട്.
ഹൈദരാബാദിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍സുലേറ്റ് ജനറലിനോട് ചേര്‍ന്നുള്ള റോഡിന് 'ഡൊണാള്‍ഡ് ട്രംപ് അവന്യൂ' എന്ന് പേരിടുമെന്ന് സര്‍ക്കാര്‍ പ്രസ്താവവനയില്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരില്‍ ഒരു റോഡിന് പേര് നല്‍കുന്നത് ഇതാദ്യമായിരിക്കാം. ഇതിലൂടെ റോഡിനും സംസ്ഥാനത്തിനും അന്തര്‍ദേശീയ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഹൈടെക്ക് സിറ്റിയോട് ചേര്‍ന്നുള്ള ഐടി ഇടനാഴിയിലെ റോഡുകള്‍ക്ക് ടെക്കുമായി ബന്ധപ്പെട്ട പേരുകള്‍ ഇടാനാണ് തീരുമാനം. ടെക്ക് ലോകത്തിലേക്കുള്ള വളര്‍ച്ചയും അന്താരഷ്ട്ര അംഗീകാരത്തിനും വേണ്ടിയാണിത്. സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഐടി ഇടനാഴിയിലെ പ്രധാന റോഡുകള്‍ക്ക് ഗൂഗിള്‍ സ്ട്രീറ്റ്, മൈക്രോസോഫ്റ്റ് റോഡ്, വിപ്രോ ജംഗ്ഷന്‍ എന്നീ പേരുകളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
അതേസമയം ഹൈടെക്ക് സിറ്റിയോട് ചേര്‍ന്നുള്ള ചില റോഡുകള്‍ക്ക് ഗൂഗിളിന്റെയും ഗൂഗിള്‍ മാപ്പിന്റെയും ആഗോള സ്വാധീനവും സംഭാവനയും തിരിച്ചറിയുക എന്നതും പുതിയ പേര് നല്‍കലിന് പിന്നിലുണ്ട്. ഹൈദരാബാദിലെ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിലെ ഗൂഗിളിന്റെ വരാനിരിക്കുന്ന കാമ്പസിലൂടെയുള്ള റോഡിനാണ് 'ഗൂഗിള്‍ സ്ട്രീറ്റ്' എന്ന് പേരിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗൂഗിളിന്റെ അംഗീകാരം സംസ്ഥാനത്തിനെ സംബന്ധിച്ച് ഒഴിച്ച് കൂടാനാവാത്തതാണ്.
കൂടാതെ, മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് അനുസരിച്ച് വിപ്രോ ജംഗ്ഷനും മൈക്രോസോഫ്റ്റ് റോഡും കൂടി ഉള്‍പ്പെടുത്തുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. നഗരത്തിന്റെ ഭൂപ്രകൃതിയില്‍ മൈക്രോസോഫ്റ്റിനും വിപ്രോയ്ക്കും അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ഈ നീക്കം. ലോകമെമ്പാടുമുള്ള സ്വാധീനമുള്ള വ്യക്തികളുടെയും പ്രമുഖ കമ്പനികളുടെയും പേരുകള്‍ റോഡുകള്‍ക്ക് നല്‍കുന്നത് അവര്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കുക മാത്രമല്ല, ഹൈദരാബാദിന് അന്താരാഷ്ട്ര അംഗീകാരം കൊണ്ടുവരിക കൂടിയാണെന്ന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി വിശ്വസിക്കുന്നു.

