പ്രതിഷേധക്കാരെ നായ്ക്കളെന്ന് വിളിച്ച് തെലങ്കാന മുഖ്യമന്ത്രി; മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം

മുഖ്യമന്ത്രി മാപ്പുപറയണമെന്ന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് സമിതിയുടെ ചുമതലയുളള മാണിക്കം ടാഗോര്‍ ആവശ്യപ്പെട്ടു. നാഗാര്‍ജുന സാഗറിലെ പൊതുപരിപാടിയില്‍വെച്ച് മുഖ്യമന്ത്രി സ്ത്രീകളെ നായ്ക്കളെന്ന് വിളിച്ചു. ഇതൊരു ജനാധിപത്യ രാജ്യമാണെന്ന് മറക്കരുത്.

Update: 2021-02-11 09:38 GMT

നല്‍ഗൊണ്ട: പ്രതിഷേധക്കാരെ നായ്ക്കളുമായി താരതമ്യപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. നല്‍ഗൊണ്ട ജില്ലയില്‍ നാഗാര്‍ജുന്‍ സാഗര്‍ പ്രദേശത്ത് ഒരു പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനിടയിലാണ് വിവാദ സംഭവമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പടെയുളള ഒരുസംഘം മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാനായെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു.

നിവേദനം നല്‍കിക്കഴിഞ്ഞല്ലോ, ഇനി ശല്യപ്പെടുത്താതെ പോവൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇവിടെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശാന്തരായി നില്‍ക്കണം. ധാരാളം ആളുകളെ കണ്ടിട്ടുണ്ട്. അമ്മമാരെയും. നിങ്ങളെ പോലെ ധാരാളം നായ്ക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ വ്യാപകവിമര്‍ശനമാണുയര്‍ന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ രംഗത്തെത്തിയത്.

സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രി മാപ്പുപറയണമെന്ന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് സമിതിയുടെ ചുമതലയുളള മാണിക്കം ടാഗോര്‍ ആവശ്യപ്പെട്ടു. നാഗാര്‍ജുന സാഗറിലെ പൊതുപരിപാടിയില്‍വെച്ച് മുഖ്യമന്ത്രി സ്ത്രീകളെ നായ്ക്കളെന്ന് വിളിച്ചു. ഇതൊരു ജനാധിപത്യ രാജ്യമാണെന്ന് മറക്കരുത്. അവിടെ നില്‍ക്കുന്ന സ്ത്രീകളാണ് ഇന്ന് നിങ്ങള്‍ ഈ പദവിയില്‍ ഇരിക്കുന്നതിന് കാരണം. അവരാണ് നമ്മുടെ മേലാധികാരികള്‍. മാപ്പുപറയണം- ചന്ദ്രശേഖര്‍ വ്യക്തമാക്കി.

Tags: