ക്ലാസ് ലീഡര്‍ തിരഞ്ഞടുപ്പില്‍ പരാജയപ്പെട്ട വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍
ബോണ്‍ഗിര്‍: ക്ലാസ് ലീഡര്‍ തിരഞ്ഞടുപ്പില്‍ പരാജയപ്പെട്ട വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ ബോണ്‍ഗിറിലാണ് സംഭവം. 13 വയസ്സുകാരനായ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി ചരണ്‍ ആണ് മരിച്ചത്. രാമണ്ണാപേട്ട് എന്ന സ്ഥലത്തെ റെയില്‍വേ ട്രാക്കിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടുദിവസം മുമ്പാണ് ചരണിനെ കാണാതായത്. കുട്ടിയുടെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലാസ് ലീഡര്‍ തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയായ പെണ്‍കുട്ടിയോട് പരാജയപ്പെട്ട ശേഷം ചരണ്‍ മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് ബോണ്‍ഗിര്‍ ഡിസിപി നാരായണ റെഡ്ഡി വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.