തേജസ് അപകടം; മരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു, വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍
ന്യൂഡല്‍ഹി: വെള്ളിയാഴ്ച ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട പൈലറ്റിനെ തിരിച്ചറിഞ്ഞു. ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ (37) ആണ് വിമാനം പറത്തിയിരുന്നത്. ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ല സ്വദേശിയാണ് നമാംശ് സ്യാല്‍. സംസ്ഥാന മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു, അപകടമരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പൈലറ്റിന്റെ ചിത്രം തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു. ''ധീരനും കര്‍ത്തവ്യനിരതനുമായ ഒരു പൈലറ്റിനെയാണ് രാജ്യത്തിന് നഷ്ടമായത്. ദുഃഖിതരായ കുടുംബാംഗങ്ങളെ ഞാന്‍ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ധീരപുത്രന്‍ നമാംശ് സ്യാല്‍ ജിയുടെ അടങ്ങാത്ത ധീരതയ്ക്കും കര്‍ത്തവ്യത്തോടുള്ള അര്‍പ്പണബോധത്തിനും രാജ്യസേവനത്തോടുള്ള പ്രതിബദ്ധതയ്ക്കും ഞാന്‍ ഹൃദയംഗമമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു,'' എന്ന് സുഖ്വീന്ദര്‍ സിങ് കുറിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:10-ഓടെ അഭ്യാസ പ്രദര്‍ശനത്തിനിടെയാണ് വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത്. പൈലറ്റ് സുരക്ഷിതമായി പുറത്തുചാടിയോ എന്ന് ആദ്യം വ്യക്തമല്ലായിരുന്നുവെങ്കിലും അപകടത്തില്‍ അദ്ദേഹം മരിച്ചതായി വ്യോമസേന പിന്നീട് സ്ഥിരീകരിച്ചു.