കോന്‍ ബനേഗാ ക്രോര്‍പതിയില്‍ 50 ലക്ഷം നേടിയ തഹസില്‍ദാര്‍, പ്രളയബാധിതര്‍ക്കുള്ള 2.57 കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റില്‍
ഗ്വോളിയോര്‍: അമിതാഭ് ബച്ചന്‍ അവതാരകനായി എത്തുന്ന കോന്‍ ബനേഗാ ക്രോര്‍പതിയില്‍ പങ്കെടുത്ത് 50 ലക്ഷം നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. മധ്യപ്രദേശ് ഗ്വോളിയോറിലെ അമിത സിങ് തോമറാണ് അറസ്റ്റിലായത്. പ്രളയ ബാധിതര്‍ക്കുള്ള 2.57 കോടി രൂപയുടെ ദുരുതാശ്വാസ ഫണ്ട് തട്ടിയെടുത്ത കേസിലാണ് നടപടി.
2011ലാണ് അമിത സിങ് തോമര്‍ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ പങ്കെടുക്കുന്നത്. 50 ലക്ഷം നേടിയതോടെ ഇവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബറോഡയിലെ തഹസില്‍ദാരായി ജോലി നോക്കുകയാണ് അമിത. 2021ല്‍ ഷിയോപുര്‍ ജില്ലയിലെ പ്രളയ ബാധിതര്‍ക്കായി അനുവദിച്ച പണം തട്ടിയെടുക്കുകയായിരുന്നു. ഇവരെ കൂടാതെ 25 ഉദ്യോഗസ്ഥരും 100ല്‍ അധികം ഇടനിലക്കാരും തട്ടിപ്പിന് കൂട്ടുനിന്നു. 127 വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി 2.57 കോടി രൂപ ഈ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ബറോഡ ഡെപ്യൂട്ടി കലക്ടര്‍ നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടര്‍ന്ന് എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
സഹായധനം വിതരണം നടക്കുന്ന ചടങ്ങില്‍ പ്രളയ ബാധിതരായി എത്തിയത് ഉദ്യോഗസ്ഥരുടെ ബന്ധുക്കളായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മധ്യസ്ഥരുമെല്ലാം ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. 100 ലേറെ പേരുടെ പേരാണ് പ്രതിപ്പട്ടികയിലുള്ളത്. അറസ്റ്റ് തടയാന്‍ അമിത കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി തള്ളിയതോടെ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. അതും തള്ളിയതോടെയാണ് അറസ്റ്റിലായത്.
