മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ച് ടാറ്റ

Update: 2025-06-12 15:20 GMT

അഹമ്മദാബാദ്: വിമാനദുരന്തത്തില്‍പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപവീതമാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റവരുടെ ചികിത്സാചെലവുകള്‍ വഹിക്കുമെന്നും ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. വിമാനം ഇടിച്ച് തകര്‍ന്ന മെഡിക്കല്‍ കോളേജിന് കെട്ടിടം നിര്‍മ്മിച്ച് നല്‍കുമെന്നും കമ്പനി അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്.

വിമാനാപകടം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുഃഖകരമായ ഈ സമയത്ത് തന്റെ ചിന്തകള്‍ ദുരന്തം ബാധിച്ച എല്ലാവരോടൊപ്പവുമാണെന്നും മോദി പറഞ്ഞു. സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്നും വിവരണാതീതമായ ദുഃഖത്തിന്റെ ഈ മണിക്കൂറില്‍ രാഷ്ട്രം അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും എക്സില്‍ പ്രതികരിച്ചു.

അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 വിമാനമാണ് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണത്. ബോയിങ് 787-8 ഡ്രീംലൈനര്‍ വിഭാഗത്തില്‍പ്പെട്ട വിമാനമായിരുന്നു ഇത്. യാത്രക്കാരില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരുമാണുള്ളത്. ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു.




Tags: