ഹിന്ദിയില്‍ സംസാരിച്ചാല്‍ മതി എന്ന് ആരാധകന്‍; കിടിലന്‍ മറുപടിയുമായി നടി തപ്‌സി പന്നു
പനാജി: ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അതിഥിയായെത്തിയ നടി തപ്‌സി പന്നുവിന്റെ തുറന്നടിച്ചുള്ള മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. സിനിമാ ജീവിതത്തെ കുറിച്ച് ആളുകളുമായി സംവദിക്കുകയായിരുന്നു തപ്‌സി. അതിനിടയിലാണ് ഹിന്ദിയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ രംഗത്തെത്തിയത്.
സംവാദത്തില്‍ ഇംഗ്ലീഷിലായിരുന്നു തപ്‌സി സംസാരിച്ചിരുന്നത്. പെട്ടന്നാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റു നിന്ന് ബോളിവുഡില്‍ അഭിനയിച്ചതല്ലേ 'ഹിന്ദിയില്‍ സംസാരിക്കൂ' എന്ന് തപ്‌സിയോട് ആവശ്യപ്പെട്ടത്.എന്നാല്‍ സദസ്സിലുള്ള എല്ലാവര്‍ക്കും ഹിന്ദി മനസ്സിലാകുമോയെന്ന് തപ്‌സി ചോദിച്ചു. ബോളിവുഡ് നടിയായതിനാല്‍ തപ്‌സി ഹിന്ദിയില്‍ തന്നെ സംസാരിക്കണമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചു. താനൊരു ബോളിവുഡ് നടി മാത്രമല്ലന്നും തമിഴിലും തെലുഗിലും അഭിനയിച്ചിട്ടുണ്ടെന്നും അതുകൊണ്ട് താങ്കളോട് തമിഴില്‍ സംസാരിച്ചാല്‍ മതിയോയെന്നും തപ്‌സി തിരിച്ചു ചോദിച്ചു. ഇത് കേട്ടതും സദസ്സിലുള്ള എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. അതോടെ അയാള്‍ അടങ്ങി.
അതേസമയം അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതിന്റെ അനുഭവം ചോദിച്ച വ്യക്തിക്കും തപ്‌സി കലക്കന്‍ മറുപടിയാണ് നല്‍കിയത്. കുറച്ചുകൂടെ പ്രാധാന്യമുള്ള ചോദ്യങ്ങള്‍ ചോദിക്കൂ എന്നായിരുന്നു തപ്‌സി മറുപടി നല്‍കിയത്. ആര്‍ക്കെങ്കിലും ഒപ്പം അഭിനയിച്ചതിനെ കുറിച്ച് ചോദിക്കുന്നതിനേക്കാള്‍ നല്ലത് പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ചാണ് ചോദിക്കേണ്ടതെന്നും തപ്‌സി പറഞ്ഞു. രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ കാണാന്‍ എത്തിയവരില്‍ നിന്ന് കുറച്ചുകൂടി നിലവാരമുള്ള ചോദ്യങ്ങളാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും തപ്‌സി തുറന്നടിച്ചു.
