എഡിഎംകെയുടെ കൊടിമരം ഒഴിവാക്കാന്‍ ശ്രമിച്ചു; യുവതിക്ക് ഗുരുതരപരിക്ക്

ദേശീയപാതയില്‍ വീണുകിടന്ന എഐഎഡിഎംകെയുടെ കൊടിമരത്തില്‍ തട്ടാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു. റോഡിലേക്ക് വീണ അനുരാധയുടെ മുകളിലൂടെ ലോറി കയറിയിറങ്ങി.

Update: 2019-11-12 07:15 GMT

ചെന്നൈ: എഐഎഡിഎംകെയുടെ കൊടിമരത്തിൽ വാഹനം ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറി തട്ടി സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്. എംബിഎ ബിരുദധാരിയായ അനുരാധ രാജശ്രീക്കാണ് (30) പരിക്കേറ്റത്. സ്‌കൂട്ടറില്‍ കോയമ്പത്തൂര്‍ ഗോകുലം പാര്‍ക്കിലെ ഓഫീസിലേക്ക് പോകുതിനിടെയായിരുന്നു അപകടം.

ദേശീയപാതയില്‍ വീണുകിടന്ന എഐഎഡിഎംകെയുടെ കൊടിമരത്തില്‍ തട്ടാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു. റോഡിലേക്ക് വീണ അനുരാധയുടെ മുകളിലൂടെ ലോറി കയറിയിറങ്ങി. അനുരാധയുടെ രണ്ട് കാലുകളിലൂടെയാണ് ലോറി കയറിയിറങ്ങിയത്. അമിത വേഗതയിലായിരുന്നു ലോറി. ഗുരുതരപരിക്കേറ്റ അനുരാധയെ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ലോറി മറ്റൊരു ബൈക്കിലും തട്ടി. ബൈക്ക് യാത്രക്കാരന് കൈയ്ക്കും കാലിനും പരിക്കേറ്റു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോയമ്പത്തൂരിലെത്തുന്ന മുഖ്യമന്ത്രി ഇ പളനിസ്വാമിയെ സ്വീകരിക്കാന്‍ വേണ്ടി അവിനാശി ദേശീയപാതയില്‍ കൊടിമരം സ്ഥാപിച്ചിരുന്നു. കൊടിമരം വീണത് കാരണമാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.എന്നാല്‍ ഇത് പൊലിസ് ഇത് മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും രാജേശ്വരിയുടെ ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ സെപ്തംബറില്‍ ചെന്നൈയില്‍ എഐഎഡിഎംകെയുടെ ഫ്‌ലക്‌സ് ബോര്‍ഡ് മറിഞ്ഞ് വീണ് യുവതി മരിച്ച സംഭവം വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേ തുടര്‍ന്ന് റോഡരികില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അപകടകരമായ വിധത്തില്‍ ബാനറുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും സ്ഥാപിക്കുന്നത് സുപ്രിം കോടതി വിലക്കിയിരുന്നു.

Similar News