സംഘപരിവാര്‍ എതിര്‍ത്തു; അരുന്ധതി റോയിയുടെ പുസ്തകം സിലബസില്‍നിന്ന് നീക്കി തമിഴ്‌നാട് സര്‍വകലാശാല
ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സിലബസില്‍ പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയിരുന്ന അരുന്ധതി റോയിയുടെ 'വാക്കിങ് വിത്ത് കോമ്രേഡ്‌സ്' എന്ന പുസ്തകമാണ് തിരുനെല്‍വേലിയിലെ മനോമണിയന്‍ സുന്ദരാനര്‍ സര്‍വകലാശാല പിന്‍വലിച്ചത്. മാവോവാദികളുടെ ഒളിത്താവളങ്ങള്‍ സന്ദര്‍ശിച്ചതിശേഷം അരുന്ധതി റോയ് എഴുതിയ പുസ്തകമാണിത്.
ചെന്നൈ: സംഘപരിവാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് അരുന്ധതി റോയിയുടെ പുസ്തകം സിലബസില്‍നിന്ന് നീക്കംചെയ്ത് തമിഴ്‌നാട് സര്‍വകലാശാല. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സിലബസില്‍ പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയിരുന്ന അരുന്ധതി റോയിയുടെ 'വാക്കിങ് വിത്ത് കോമ്രേഡ്‌സ്' എന്ന പുസ്തകമാണ് തിരുനെല്‍വേലിയിലെ മനോമണിയന്‍ സുന്ദരാനര്‍ സര്‍വകലാശാല പിന്‍വലിച്ചത്. മാവോവാദികളുടെ ഒളിത്താവളങ്ങള്‍ സന്ദര്‍ശിച്ചതിശേഷം അരുന്ധതി റോയ് എഴുതിയ പുസ്തകമാണിത്. എബിവിപിയുടെ പരാതിയെത്തുടര്‍ന്നാണ് വൈസ് ചാന്‍സലര്‍ കെ പിച്ചുമണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പുസ്തകം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.
പകരം എം കൃഷ്ണന്റെ 'മൈ നേറ്റീവ് ലാന്‍ഡ്: എസ്സേയ്‌സ് ഓണ്‍ നേച്ചര്‍' എന്ന പുസ്തകം നിലബസില്‍ ഉള്‍പ്പെടുത്തും. 2017 മുതലാണ് 'വാക്കിങ് വിത്ത് കോമ്രേഡ്‌സ്' ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം മൂന്നാം സെമസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്. മൂന്നുവര്‍ഷം പുസ്തകം പാഠ്യവിഷയവുമായിരുന്നു. പുസ്തകം ഇറക്കുന്നതിന് മുമ്പ് 2010ല്‍ ഔട്ട്‌ലുക്ക് മാഗസിനില്‍ ലേഖനമായി പ്രസിദ്ധീകരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് അരുന്ധതി റോയ് പുസ്തകത്തില്‍ മാവോവാദികളെ മഹത്വവല്‍ക്കരിക്കുവെന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് വൈസ് ചാന്‍സലര്‍ പ്രതികരിച്ചു.
അതിനാല്‍, പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ഒരു സമിതി രൂപീകരിച്ചു. പുസ്തകം പിന്‍വലിക്കാനായിരുന്നു പാനല്‍ ശുപാര്‍ശ. എബിവിപിയെ കൂടാതെ മറ്റുള്ളവരും പരാതിപ്പെട്ടു. പ്രശ്നത്തിന് ഒന്നിലധികം മാനങ്ങളുണ്ടായി. അതിനാല്‍, ഞങ്ങള്‍ പുസ്തകം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു. 'മൈ നേറ്റീവ് ലാന്‍ഡ്: എസ്സേയ്‌സ് ഓണ്‍ നേച്ചര്‍' പുസ്തകമെഴുതിയ കൃഷ്ണന്‍ തിരുനെല്‍വേലി സ്വദേശിയാണ്. അരുന്ധതി റോയിയുടെ പുസ്തകം 'ദേശവിരുദ്ധ മാവോവാദികളെ' പരസ്യമായി പിന്തുണയ്ക്കുന്നതാണെന്ന് എബിവിപി ദക്ഷിണ തമിഴ്നാട് ജോയിന്റ് സെക്രട്ടറി സി വിഘ്നേഷ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
അധ്യാപകര്‍ ദേശവിരുദ്ധ വിഷയം പഠിപ്പിച്ചു. പുസ്തകം നമ്മുടെ രാജ്യത്തിനെതിരായ വിദ്വേഷത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ മാനസിക അസ്വസ്ഥതയ്ക്ക് വിധേയരാവുന്നു. മൂന്നുവര്‍ഷമായി വിദ്യാര്‍ഥികളില്‍ മാവോവാദി, നക്‌സല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. പുസ്തകം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയക്കുമെന്നും പ്രതിഷേധം ആരംഭിക്കുമെന്നും വിഘ്‌നേഷ് ഭീഷണി മുഴക്കിയിരുന്നു.
ഇന്ത്യയിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണത്തെയും പാര്‍ട്ടിയുടെ ഹിന്ദുത്വ അജണ്ടയെയും രൂക്ഷമായി വിമര്‍ശിക്കുന്നയാളാണ് അരുന്ധതി റോയ്. അതുകൊണ്ടുതന്നെ റോയിയുടെ സൃഷ്ടികളെ പലപ്പോഴും സംഘപരിവാരം വിമര്‍ശിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈയില്‍ ബിജെപിയുടെ കേരള യൂനിറ്റ് 2002 ല്‍ റോയ് നടത്തിയ പ്രസംഗം കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇംഗ്ലീഷ് ബിരുദ സിലബസില്‍നിന്ന് നീക്കം ചെയ്യാനായി പ്രക്ഷോഭം നടത്തി. റോയ് ദേശവിരുദ്ധയാണെന്ന് ബിജെപിയും ആരോപിച്ചു. അതേസമയം, ലേഖനം നീക്കം ചെയ്യാനുള്ള തീരുമാനം സര്‍വകലാശാല ഇതുവരെയുമെടുത്തിട്ടില്ല.

