കേന്ദ്രം എതിര്‍ത്തു; സിനിമാ തിയറ്ററുകള്‍ പൂര്‍ണതോതില്‍ തുറക്കാനുള്ള തീരുമാനം തമിഴ്‌നാട് റദ്ദാക്കി
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള തിയറ്ററുകളില്‍ 50 ശതമാനം സീറ്റുകളാണ് അനുവദിച്ചിരുന്നത്.
ചെന്നൈ: സിനിമാ തിയറ്ററുകളില്‍ നൂറുശതമാനം സീറ്റുകള്‍ ഉറപ്പുവരുത്തി തുറക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൂര്‍ണതോതില്‍ തിയറ്ററുകള്‍ തുറക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിച്ചാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള തിയറ്ററുകളില്‍ 50 ശതമാനം സീറ്റുകളാണ് അനുവദിച്ചിരുന്നത്.
ഘട്ടംഘട്ടമായുള്ള ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് തിയറ്ററുകളിലെ നിയന്ത്രണങ്ങള്‍ എഐഎഡിഎംകെ സര്‍ക്കാര്‍ നീക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഇനി മുതല്‍ തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ 50 ശതമാനം സീറ്റുകളിലായിരിക്കും ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുക.
നവംബര്‍ 10 മുതലാണ് 50 ശതമാനം സീറ്റിങ് മാത്രം ഉറപ്പുവരുത്തി സിനിമാ തിയറ്ററുകള്‍ വീണ്ടും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തി തിയറ്ററുകളില്‍ ആളുകളെ പ്രവേശിപ്പിക്കാനുള്ള സീറ്റുകളുടെ ശേഷി 50 ശതമാനത്തില്‍നിന്ന് 100 ആക്കി ഉയര്‍ത്തി ഉത്തരവായി.
പൊങ്കല്‍ ഉല്‍സവത്തിന് മുമ്പ് തിയറ്ററുകളിലെ സീറ്റുകളുടെ ശേഷി 100 ശതമാനമായി അനുവദിക്കണമെന്ന് നിരവധി സിനിമാ അഭിനേതാക്കള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനുശേഷമാണ് സംസ്ഥാനം പുതിയ തീരുമാനമെടുത്തത്. ഇതിനെതിരേയാണ് കേന്ദ്രം രംഗത്തുവന്നത്. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയുള്‍പ്പെടെ കൊവിഡ് പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്ന സുപ്രിംകോടതി ഉത്തരവും കത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
