ഗോഡ്‌സേ ഹിന്ദു ഭീകരനെന്ന പരാമര്‍ശം; കമല്‍ ഹാസന്റെ നാവരിയണമെന്നു തമിഴ്‌നാട് മന്ത്രി

ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) മന്ത്രി കെടി രാജേന്ദ്ര ബാലാജിയാണ് കമല്‍ ഹാസനെതിരേ ആക്രമണത്തിനു പരസ്യമായി ആഹ്വാനം ചെയ്തു രംഗത്തെത്തിയത്

Update: 2019-05-13 16:52 GMT

ചെന്നൈ: സ്വതന്ത്രാനന്തര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്ന നാഥുറാം ഗോഡ്‌സേ ആണെന്ന പരാമര്‍ശം നടത്തിയ, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്റെ നാവരിയണമെന്ന് ആഹ്വാനം ചെയ്ത് തമിഴ്‌നാട് മന്ത്രി. ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) മന്ത്രി കെടി രാജേന്ദ്ര ബാലാജിയാണ് കമല്‍ ഹാസനെതിരേ ആക്രമണത്തിനു പരസ്യമായി ആഹ്വാനം ചെയ്തു രംഗത്തെത്തിയത്.

കമല്‍ ഹാസന്‍ നടത്തിയത് ഹിന്ദുവിരുദ്ധ പരാമര്‍ശമാണ്. ഇതു നടത്തിയ അദ്ദേഹത്തിന്റെ നാവരിയുക തന്നെ വേണം. ഒരു വ്യക്തിയുടെ തെറ്റ് ഒരു സമുദായത്തിന്റെ മേല്‍ വച്ചു കെട്ടരുത്. ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താനാണ് അദ്ദേഹം ഇത്തരം പരാമര്‍ശം നടത്തിയത്. അദ്ദേഹത്തിനെതിരേ നടപടി കൈക്കൊള്ളാനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയെ നിരോധിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണം- രാജേന്ദ്ര ബാലാജി പറഞ്ഞു. അതേസമയം കമല്‍ ഹാസനെതിരേ നടപടി ആവശ്യപ്പെട്ടു ബിജെപി രംഗത്തെത്തി. കമല്‍ഹാസനെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു വിലക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണമെന്നാണ് ബിജെപിയുടെ ആവശ്യം.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ അറവാകുറിച്ചില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ എസ് മോഹന്‍രാജന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഹിന്ദുത്വ ഭീകരതയെ കമല്‍ഹാസന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. സ്വതന്ത്രാനന്തര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്‌സേ എന്നാണ്. എല്ലാത്തിന്റെയും തുടക്കം അതായിരുന്നു. ഭീകരത തുടങ്ങിയത് അന്നു തൊട്ടാണ്. ഗാന്ധി വധവും ഇതോടൊപ്പം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ മുസ്‌ലിം ഭൂരിപക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാനല്ല താന്‍ ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

Similar News