രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ്; തമിഴ്നാട് ഗവര്‍ണര്‍ ക്വാറന്റൈനില്‍

രാജ്ഭവനിലെ 38 പേരില്‍ നടത്തിയ പരിശോധനയിലാണ് മൂന്നുപേരുടെ ഫലങ്ങള്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Update: 2020-07-29 09:22 GMT

ചെന്നൈ: തമിഴ്നാട് രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതെത്തുടര്‍ന്ന് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ക്വാറന്റൈനില്‍ പ്രവേശിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗവര്‍ണര്‍ ഏഴുദിവസം ക്വാറന്റൈനില്‍ കഴിയുമെന്ന് രാജ്ഭവന്‍ അറിയിച്ചു. രാജ്ഭവനിലെ മെഡിക്കല്‍ ഓഫിസര്‍ നടത്തിയ പരിശോധനയില്‍ ഗവര്‍ണറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചതായി രാജ്ഭവന്‍ അറിയിച്ചു.

രാജ്ഭവനിലെ 38 പേരില്‍ നടത്തിയ പരിശോധനയിലാണ് മൂന്നുപേരുടെ ഫലങ്ങള്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസിറ്റീവ് പരീക്ഷിച്ചവരെ ആശുപത്രിയില്‍ ചികിത്സിക്കുന്നു. രാജ്ഭവനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച രാജ്ഭവനിലെ മെയിന്‍ ഓഫിസിനു പുറത്ത് ജോലിചെയ്യുന്ന സുരക്ഷാ, അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

147 പേരിലാണ് പരിശോധന നടത്തിയത്. തുടര്‍ന്നാണ് രാജ്ഭവനിലെ ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. അതേസമയം, ഉദ്യോഗസ്ഥരുമായി ഗവര്‍ണര്‍ക്ക് നേരിട്ട് സമ്പര്‍ക്കമില്ലെന്നാണ് രാജ്ഭവന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രാജ്ഭവനിലെ ഓഫിസുകള്‍ ഉള്‍പ്പെടെ രാജ്ഭവന് ചുറ്റുമുള്ള പ്രദേശം മുഴുവന്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം അണുവിമുക്തമാക്കിയിട്ടുണ്ട്. 

Tags:    

Similar News