തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പ്രതിഷേധം വ്യാപകം; കേസ് സിബിഐയ്ക്ക് കൈമാറുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി

കസ്റ്റഡി കൊലപാതകം അമേരിക്കയിലെ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ വംശീയകൊലയ്ക്ക് സമാനമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതിഷേധങ്ങളുടെ മുദ്രാവാക്യം. നിരവധി രാഷ്ട്രീയ, സാമൂഹികപ്രവര്‍ത്തകര്‍ പങ്കാളിയായ പ്രതിഷേധത്തില്‍ പോലിസ് നടപടിയെ വിമര്‍ശിച്ചും കുടുംബത്തിന് നീതി ആവശ്യപ്പെട്ടും സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന പ്രതിഷേധത്തിന് താരങ്ങളും രംഗത്തുവന്നു.

Update: 2020-06-28 17:13 GMT

ചെന്നൈ: തൂത്തുക്കുടിയില്‍ പോലിസ് കസ്റ്റഡിയില്‍ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വ്യാപകപ്രതിഷേധം. കസ്റ്റഡി കൊലപാതകം അമേരിക്കയിലെ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ വംശീയകൊലയ്ക്ക് സമാനമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതിഷേധങ്ങളുടെ മുദ്രാവാക്യം. നിരവധി രാഷ്ട്രീയ, സാമൂഹികപ്രവര്‍ത്തകര്‍ പങ്കാളിയായ പ്രതിഷേധത്തില്‍ പോലിസ് നടപടിയെ വിമര്‍ശിച്ചും കുടുംബത്തിന് നീതി ആവശ്യപ്പെട്ടും സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന പ്രതിഷേധത്തിന് താരങ്ങളും രംഗത്തുവന്നു. പോലിസിനെതിരേ നടപടിയാവശ്യപ്പെട്ട് തെരുവിലും പ്രതിഷേധം ശക്തമായി. പോലിസിനും സര്‍ക്കാരിനുമെതിരേ പ്രതിഷേധം ശക്തമായതോടെ കേസ് സിബിഐയ്ക്ക് വിടുമെന്ന് അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രംഗത്തെത്തി.

സേലം ജില്ലയിലെ തലൈവാസലില്‍ ഒരുസര്‍ക്കാര്‍ പദ്ധതിയുടെ തറക്കല്ലിടീല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേസ് സിബിഐയ്ക്ക് കൈമാറാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചത്. മദ്രാസ് ഹൈക്കോടതിയെ തീരുമാനം അറിയിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതിയുടെ അനുമതി ലഭിച്ച ശേഷം കേസ് സിബിഐയ്ക്ക് കൈമാറുമെന്ന് എടപ്പാടി പളനിസ്വാമി കൂട്ടിച്ചേര്‍ത്തു. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചെന്നാരോപിച്ചാണ് തടിവ്യാപാരി പി ജയരാജ് (50), മകന്‍ ബെന്നിക്സ് (31) എന്നിവരെ ശനിയാഴ്ച പോലിസ് അറസ്റ്റുചെയ്തത്. സബ് ജയിലിലടച്ച ഇരുവരും ദുരൂഹസാഹചര്യത്തില്‍ ഗവ.ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.

പോലിസിന്റെ ക്രൂരമര്‍ദനമാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നതോടെയാണ് വിവിധ കോണുകളില്‍നിന്ന് പ്രതിഷേധമുയര്‍ന്നത്. ഇരുവരെയും പോലിസ് അതിക്രൂരമായി മര്‍ദിച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു. ജയരാജിന്റെ നെഞ്ചിനു പലതവണ തൊഴിച്ചുവെന്നും ബെന്നിക്സിന്റെ മലദ്വാരത്തില്‍ ലാത്തികയറ്റിയെന്നും ബന്ധുക്കള്‍ പറയുന്നു. ഇരുവരെയും ഞായറാഴ്ചയാണ് സബ് ജയിലില്‍ അടച്ചത്. രക്തസ്രാവത്തെത്തുടര്‍ന്ന് ബെന്നിക്സിനെ തിങ്കളാഴ്ച വൈകീട്ട് കോവില്‍പട്ടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് രാത്രി ഒമ്പതോടെ ബെന്നിക്സ് മരിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയരാജ് ശനിയാഴ്ച രാവിലെ മരണപ്പെട്ടു. മൊബൈല്‍ ഫോണ്‍ കട നടത്തുകയായിരുന്നു ബെന്നിക്സ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കട തുറന്നുവെന്നാരോപിച്ച് പോലിസ് ജയരാജിനെയും മകനെയും അറസ്റ്റുചെയ്യുകയായിരുന്നു.

സംഭവത്തില്‍ വ്യാപകപ്രതിഷേധമാണ് പോലിസിനെതിരേ ഉയരുന്നത്. പൂര്‍ണ ആരോഗ്യവാന്മാരായ അച്ഛനെയും മകനെയും അറസ്റ്റുചെയ്ത് കൂരമായി മര്‍ദിച്ചതിനാലാണ് ഇരുവരും മരണപ്പെട്ടതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പ്രതികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സമരം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനെ പോലിസ് അറസ്റ്റുചെയ്തു. കസ്റ്റഡി കൊലപാതകത്തില്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി കോടതി സ്വമേധയാ കേസെടുത്തത്. പൊതുജനങ്ങള്‍ക്ക് നേരെയുള്ള പോലിസിന്റെ അതിക്രമം കൊവിഡിനെക്കാള്‍ മോശമായ പകര്‍ച്ചവ്യാധിയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ #JusticeForJeyarajAndFenix എന്ന ഹാഷ്ടാഗിലാണ് നീതി ആവശ്യപ്പെട്ട് പ്രതിഷേധം വ്യാപിക്കുന്നത്.

സാമൂഹിക, സാംസ്‌കാരികരംഗത്തെ നിരവധി പേര്‍ പോലിസിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. പോലിസിന്റെ ക്രൂരത അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് മനുഷ്യത്വരഹിതമാണ്, മാത്രവുമല്ല നമ്മളെ സംരക്ഷിക്കേണ്ട സംവിധാനത്തിലുള്ള വിശ്വാസം കൂടുതല്‍ നഷ്ടപ്പെടുകയും ചെയ്യുമെന്ന് നടി സമാന്ത ട്വീറ്റ് ചെയ്തു. നടിമാരായ പ്രിയങ്ക കുശ്ബു, കാജല്‍ അഗ്രവാള്‍, മാളവിക മോഹന്‍, റിതിക സിങ്, ഹന്‍സിക, നടന്‍ ജയം രവി, വിജയ് ആന്റണി, സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ തുടങ്ങി നിരവധി പേര്‍ ജസ്റ്റിസ് ഫോര്‍ ജയരാജ് ആന്റ് ഫെനിക്സ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച്് പ്രതിഷേധിക്കുന്നുണ്ട്.

സംഭവം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. തമിഴ്നാട് സര്‍ക്കാര്‍ 20 ലക്ഷവും എഐഎഡിഎംകെയും ഡിഎംകെയും 25 ലക്ഷം വീതവും കുടുംബത്തിന് കൈമാറി. അതേസമയം, തൂത്തുക്കുടി എസ്പി ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ കേസിന്റെ തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ രണ്ട് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ ഡിപ്പാര്‍ട്മെന്റുതല നടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തു. രണ്ട് ജയില്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയെടുത്തു. 

Tags:    

Similar News