മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി രാജിവച്ചു; തമിഴകത്ത് ഇനി സ്റ്റാലിന്‍ യുഗം

Update: 2021-05-03 08:52 GMT

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എഐഎഡിഎംകെ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി തിങ്കളാഴ്ച രാജിവച്ചു. പളനിസ്വാമി തന്റെ സെക്രട്ടറി വഴി സേലത്തുനിന്ന് രാജി അയച്ചു. കത്ത് ഉച്ചയ്ക്ക് ഗവര്‍ണറുടെ കൈലിയെത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഡിഎംകെയുടെ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ ചുമതല ഏറ്റെടുക്കാന്‍ ഗവര്‍ണര്‍ ഓഫിസ് ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഭരണമുറപ്പിച്ച ഡിഎംകെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്ച നടക്കും.

ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാവും. കൊവിഡ് വ്യാപനം ശക്തമായതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായിട്ടാവും നടത്തുകയെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. 234 അംഗ സഭയില്‍ ഡിഎംകെയ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ അനുസരിച്ച് ഡിഎംകെ ഇതിനകം 81 സീറ്റുകള്‍ നേടിയിട്ടുണ്ട്. കരുണാനിധിയുടെ വേര്‍പാടിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്.

കരുണാനിധിയുടെ മരണത്തോടെ ഡിഎംകെയില്‍ നേതൃ പ്രതിസന്ധിയാണെന്ന വിമര്‍ശകരുടെ വാദം തള്ളിയാണ് സ്റ്റാലിന്‍ പാര്‍ട്ടിയെ വന്‍ ജയത്തിലെത്തിച്ചത്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, എംഡിഎംകെ, വിസികെ തുടങ്ങിയ സഖ്യകക്ഷികളും ഡിഎംകെ പക്ഷത്തുണ്ടായിരുന്നു. ഡിഎംകെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം. പ്രവചിച്ച തരംഗമുണ്ടായില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സ്റ്റാലിന്‍ തമിഴ്‌നാടിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്.

Tags: