മറുകണ്ടം ചാടിയ സുവേന്ദു അധികാരിക്ക് ഇസഡ് കാറ്റഗറി സുരക്ഷയ്ക്ക് പിന്നാലെ കാബിനറ്റ് പോസ്റ്റും
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതും സുവേന്ദുവാണ്
കൊൽക്കത്ത: പശ്ചിമബംഗാള്‍ അസംബ്ലി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂല്‍-ബിജെപി പോര് കനക്കുന്നതിനിടെ തൃണമൂലില്‍ നിന്ന് മറുകണ്ടം ചാടിയ സുവേന്ദു അധികാരിയെ അംഗീകാരങ്ങളും പദവികളും കൊണ്ട് മൂടി ബിജെപി. ജൂട്ട് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ( ജെസിഐ) യുടെ പുതിയ ചെയര്‍മാനായി സുവേന്ദുവിനെയാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം. ജൂട്ട് കോര്‍പറേഷന്‍ അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നതോടെ സുവേന്ദുവിന് ക്യാബിനറ്റ് മന്ത്രിയ്ക്ക് തത്തുല്യമായ സവിശേഷാധികാരം അനുഭവിക്കാനാകും.
തൃണമൂല്‍ കോണ്‍ഗ്രസിലെ പദവികളില്‍ നിന്നും കര്‍ത്തവ്യങ്ങളില്‍ നിന്നും സുവേന്ദു രാജിവെച്ചൊഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന് ഇസഡ് കാറ്റഡറി സുരക്ഷ ലഭിച്ചിരുന്നു. അപ്പോള്‍ മുതല്‍ തന്നെ സുവേന്ദു ബിജെപിയിലേക്ക് ചേക്കേറാനിരിക്കുകയാണെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനം, മറ്റ സംസ്ഥാനങ്ങളില്‍ വൈ പ്ലസ് കാറ്റഗറി സിആര്‍പിഎഫ് സുരക്ഷ എന്നിവയും സുവേന്ദു അധികാരിയ്ക്ക് ലഭിച്ചിരുന്നു.
ജൂട്ട് കോര്‍പറേഷന്‍ അധ്യക്ഷനായി സുവേന്ദു അധികാരി ഈ മാസം ജനുവരിയില്‍ തന്നെ സ്ഥാനമേല്‍ക്കുമെന്ന് റിപോര്‍ട്ടുകളുണ്ട്. ബംഗാളില്‍ ജൂട്ട് നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന നിരവധി തൊഴിലാളികളുണ്ടെന്നും സുവേന്ദുവിനെ തന്നെ ഈ പദവി ഏല്‍പ്പിക്കുന്നത് മികച്ച തീരുമാനമായിരിക്കുമെന്നും ബംഗാളിലെ ബിജെപി നേതൃത്വം വിലയിരുത്തി.
എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടുന്ന 35 നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പ് അടുത്തിക്കുന്ന വേളയിലാണ് ബംഗാളില്‍ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടെത്തിയാണ് മറുകണ്ടം ചാടിയ നേതാക്കളെ വരവേറ്റത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവര്‍ മറുകണ്ടം ചാടിയത് മമതാ ബാനര്‍ജി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. 2007ലെ നന്ദിഗ്രാം സമരത്തിന്റെ സൂത്രധാരനായിരുന്നു സുവേന്ദു. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതും സുവേന്ദുവാണ്.
