ഉഡുപ്പി കൂട്ടക്കൊലയ്ക്കു പിന്നില്‍ പ്രണയപ്പകയെന്ന് സംശയം; ലക്ഷ്യമിട്ടത് അയ്നാസിനെ മാത്രമെന്ന് പ്രതി പ്രവീണ്‍
എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസായ അയ്‌നാസ് മംഗളുരു വിമാനത്താവളം കേന്ദ്രീകരിച്ചാണു ജോലി ചെയ്യുന്നത്.
ബെംഗളൂരു: ഉഡുപ്പിയില്‍ ഒരു കുടുംബത്തിലെ 4 പേരെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസില്‍, രാജ്യാന്തര വിമാനക്കമ്പനിയില്‍ കാബിന്‍ ക്രൂവായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ചഗ്ലയെ (28) ബെളഗാവിയില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് 28 വരെ പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കെമ്മണ്ണ് തൃപ്തി ലേഔട്ടില്‍ ഹസീന (48), മക്കളായ അഫ്‌നാന്‍ (23), അയ്‌നാസ് (21), അസീം (12) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണിത്. ഞായറാഴ്ച രാവിലെയായിരുന്നു കൊലപാതക പരമ്പര. എയര്‍ഹോസ്റ്റസായ അയ്‌നാസ് പ്രണയം നിഷേധിച്ചതാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലിസ് സംശയിക്കുന്നു. പ്രണയത്തില്‍നിന്ന് പിന്‍മാറിയതാണ് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ തമ്മില്‍ ചില സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചനയുണ്ട്. അയ്‌നാസും പ്രവീണും തമ്മില്‍ നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായി കണ്ടെത്തിയതും കൊലപാതകത്തിനു ശേഷം ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതുമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസായ അയ്‌നാസ് മംഗളുരു വിമാനത്താവളം കേന്ദ്രീകരിച്ചാണു ജോലി ചെയ്യുന്നത്. അയ്‌നാസിനെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ അന്വേഷണം. അയ്‌നാസിനെ കൊലപ്പെടുത്താന്‍ മാത്രമാണ് പ്രവീണ്‍ ലക്ഷ്യമിട്ടിരുന്നതെന്ന് മറ്റുള്ളവര്‍ തടസ്സം സൃഷ്ടിച്ചതാണ് ഇവരുടെ കൊലപാതകത്തിനും വഴിയൊരുക്കിയതെന്നും ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ പറഞ്ഞു. ഹസീനയുടെ ഭര്‍തൃമാതാവിനും കുത്തേറ്റിരുന്നെങ്കിലും ഇവരുടെ നില മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വഞ്ചിച്ചതിനാലാണു കൊലപ്പെടുത്തിയതെന്നാണ് പ്രവീണ്‍ പോലിസിനു നല്‍കിയ മൊഴി. എന്നാല്‍ കൊലയ്ക്കു പിന്നില്‍ ഒന്നില്‍ കൂടുതല്‍ കാരണമുണ്ടന്നും അന്വേഷണം തുടരുന്നതായും എസ്പി അറിയിച്ചു.
