അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ ബന്ധു ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് വെടിയേറ്റു

സുശാന്തിന്റെ ബന്ധു രാജ്കുമാര്‍ സിങ്, സുഹൃത്ത് അലി ഹസന്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. വെടിവയ്പ്പില്‍ രാജ് കുമാര്‍ സിങ്ങിന് ഗുരുതര പരിക്കേറ്റു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.

Update: 2021-02-01 03:25 GMT

പട്‌ന: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ ബന്ധു ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് വെടിയേറ്റു. ബിഹാറിലെ സഹസ്ര ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. സുശാന്തിന്റെ ബന്ധു രാജ്കുമാര്‍ സിങ്, സുഹൃത്ത് അലി ഹസന്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. വെടിവയ്പ്പില്‍ രാജ് കുമാര്‍ സിങ്ങിന് ഗുരുതര പരിക്കേറ്റു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.

മധിപുര ജില്ലയിലെ ബൈക്ക് ഷോറൂമിലേയ്ക്കുള്ള യാത്രയിലാണ് ഇവരെ മൂന്നംഗസംഘം ആക്രമിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം സഹസ്ര കോളജിന് സമീപത്തെ ബൈജ്‌നാഥ്പുര്‍ ചൗക്കില്‍ എത്തിയപ്പോള്‍ വാഹനം തടഞ്ഞ മൂന്നംഗസംഘം വെടിയുതിര്‍ക്കുകയായിരുന്നു. പലതവണ ഇവര്‍ക്കെതിരേ അക്രമികള്‍ വെടിയുതിര്‍ത്തതായി പോലിസ് പറഞ്ഞു.

രാജ്കുമാര്‍ സിങ്ങിന്റെ കാലിനാണ് കാര്യമായ പരിക്കുള്ളത്. അരയില്‍ വെടിയുണ്ടകള്‍ തുളച്ച സുഹൃത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപോര്‍ട്ടുകള്‍. സംഭവത്തിന് ശേഷം അക്രമിസംഘം സ്ഥലത്തുനിന്നും കടന്നുകളഞ്ഞു. അക്രമികളെക്കുറിച്ച് വിവരം ലഭിച്ചെന്നും ഇവരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും സഹസ്ര എസ്പി ലിപി സിങ് പറഞ്ഞു.

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇവരുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചികില്‍സ പുരോഗമിക്കുകയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പോലിസ് അറിയിച്ചു. എസ്ഡിപിഒ സന്തോഷ് കുമാറാണ് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

Tags: