കോടതിയലക്ഷ്യക്കേസ്: വിജയ് മല്യ സമര്‍പ്പിച്ച പുനപ്പരിശോധന ഹരജി സുപ്രിംകോടതി വിധിപറയാന്‍ മാറ്റി

കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയ നടപടിയില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവുണ്ടായത്.

Update: 2020-08-27 10:14 GMT

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ വിവാദവ്യവസായി വിജയ് മല്യ സമര്‍പ്പിച്ച പുനപ്പരിശോധന ഹരജി സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റിസുമാരായ യു യു ലളിത്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ട ശേഷം വിധിപറയാന്‍ മാറ്റിയത്. കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയ നടപടിയില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 40 മില്യന്‍ യുഎസ് ഡോളറാണ് മക്കളുടെ അക്കൗണ്ടിലേക്ക് കൈമാറിയത്.

സ്വത്തുവകകള്‍ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാത്തതും കോടതിയലക്ഷ്യക്കേസിന് കാരണമായി. 2017 മെയ് 9നാണ് കേസില്‍ മല്യയെ കുറ്റക്കാരനായി കണ്ടെത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവുണ്ടായത്. ശിക്ഷ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരില്‍ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് കോടതി നടപടിക്കെതിരേ വിജയ് മല്യ പുനപ്പരിശോധന ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി മല്യയുടെ പുനപ്പരിശോധനാ ഹരജി ബന്ധപ്പെട്ട കോടതിയില്‍ ലിസ്റ്റുചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ സുപ്രിംകോടതി ജൂണില്‍ രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഹരജി സംബന്ധിച്ച ഫയല്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടെ പേരുകള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും നല്‍കണമെന്നും രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് 9,000 കോടി രൂപയുടെ ബാങ്ക് വായ്പാ തിരിച്ചടവ് കേസില്‍ പ്രതിയായ മല്യ ഇപ്പോള്‍ യുകെയിലാണ്. 

Tags:    

Similar News