നിര്‍ഭയ കേസ്: മുകേഷ് സിങ്ങിന്റെ ഹരജി സുപ്രിംകോടതി തള്ളി

ദയാഹരജിക്കൊപ്പം നല്‍കിയ മുഴുവന്‍ രേഖകളും രാഷ്ട്രപതിക്ക് അയച്ചിട്ടില്ലെന്ന വാദം ന്യായീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ആര്‍ട്ടിക്കിള്‍ 72 പ്രകാരം രാഷ്ട്രപതി തന്റെ അധികാരം പ്രയോഗിച്ചു. എക്‌സിക്യൂട്ടീവ് ഉത്തരവ് ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Update: 2020-01-29 06:17 GMT

ന്യൂഡല്‍ഹി: ദയാഹരജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യംചെയ്ത് നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. കേസില്‍ വാദംകേട്ട ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹരജി തള്ളിയത്. ദയാഹരജിക്കൊപ്പം നല്‍കിയ മുഴുവന്‍ രേഖകളും രാഷ്ട്രപതിക്ക് അയച്ചിട്ടില്ലെന്ന വാദം ന്യായീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ആര്‍ട്ടിക്കിള്‍ 72 പ്രകാരം രാഷ്ട്രപതി തന്റെ അധികാരം പ്രയോഗിച്ചു. എക്‌സിക്യൂട്ടീവ് ഉത്തരവ് ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

എല്ലാ രേഖകളും രാഷ്ട്രപതിക്കു സമര്‍പ്പിക്കപ്പെട്ടില്ലെന്നും രാഷ്ട്രപതി തിടുക്കത്തില്‍ ദയാഹരജി തള്ളുകയായിരുന്നെന്നും ആരോപിച്ചാണ് മുകേഷ് സിങ് സുപ്രിംകോടതിയെ സമീപിച്ചത്. രാഷ്ട്രപതിയുടെ തീരുമാനം സംബന്ധിച്ച് എല്ലാ രേഖകളും പരിശോധിച്ച കോടതി, വേഗത്തില്‍ ദയാഹരജി പരിഗണിച്ചതില്‍ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടി. അതേസമയം, ജയിലില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടെന്നടക്കമുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ വാദങ്ങളും കോടതി തള്ളി. രാഷ്ട്രപതിയുടെ തീരുമാനം പുനപ്പരിശോധിക്കാന്‍ പരിമിതമായ അധികാരമേ ഉള്ളൂ എന്ന് ഇന്നലെ തന്നെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

ദയാഹരജി പരിഗണിച്ചതിലെ നടപടിക്രമങ്ങള്‍ മാത്രമേ പരിശോധിക്കൂവെന്നും കോടതി അറിയിച്ചിരുന്നു. ഫെബ്രുവരി 1ന് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എ എസ് ബോപ്പണ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. അതിനിടെ, നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിങ് വധശിക്ഷയ്‌ക്കെതിരേ സുപ്രിംകോടതിയില്‍ തടസ്സഹരജി സമര്‍പ്പിച്ചു. നേരത്തെ ഇതേ പ്രതിയുടെ പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. ഫെബ്രുവരി ഒന്നിന് കേസിലെ നാല് പ്രതികളുടെയും ശിക്ഷ നടപ്പാക്കാനിരിക്കേയാണ് പുതിയ ഹരജി സുപ്രിംകോടതിയിലെത്തിയിരിക്കുന്നത്. 

Tags:    

Similar News