കേണല്‍ സോഫിയാ ഖുറൈശിക്കെതിരായ ബിജെപി മന്ത്രി വിജയ് ഷായുടെ ക്ഷമാപണം തള്ളി സുപ്രിംകോടതി; എസ്‌ഐടി രൂപീകരിക്കാന്‍ ഉത്തരവ്; മന്ത്രിയുടെ അറസ്റ്റും തടഞ്ഞു
ന്യൂഡല്‍ഹി: കേണല്‍ സോഫിയാ ഖുറൈശിക്കെതിരായ ബിജെപി മന്ത്രി വിജയ് ഷായുടെ ക്ഷമാപണം തള്ളി സുപ്രിംകോടതി. കേസ് റദ്ദാക്കണമെന്ന മന്ത്രിയുടെ ആവശ്യവും സുപ്രിംകോടതി തള്ളി. വിജയ് ഷായുടെ അറസ്റ്റ് തടഞ്ഞ കോടതി കേസ് അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ടു. നാളെ രാവിലെ 10 മണിക്കുള്ളില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്തണമെന്നും മധ്യപ്രദേശ് ഡിജിപിയോട് കോടതി നിര്‍ദ്ദേശിച്ചു. അംഗങ്ങള്‍ എസ് പിയോ അതിന് മുകളില്‍ റാങ്കുള്ളവരോ ആയിരിക്കണം. ഇതില്‍ ഒരാള്‍ സ്ത്രീ ആയിരിക്കണമെന്നും കോടതി വ്യക്തമാക്കി.
ബിജെപി മന്ത്രി വിജയ് ഷായുടെ പരാമര്‍ശം വൃത്തികെട്ടതും നീചവും ലജ്ജാകരവുമെന്നും പരസ്യക്ഷമാപണം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് കോടതി വ്യക്തമാക്കി. കേണല്‍ സോഫിയാ ഖുറൈശിയെ ഭീകരരുടെ സഹോദരി എന്ന് പരാമര്‍ശിച്ചതിനെതിരേ മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്വമേധയ ചാര്‍ജ്ജ് ചെയ്ത എഫ്‌ഐആറിനെതിരേയുള്ള ഹരജിയാണ് കോടതി പരിഗണിച്ചത്.