സിവില്‍ സര്‍വീസ് പ്രാഥമികപരീക്ഷ ഒക്ടോബര്‍ നാലിന്; കേരളത്തില്‍ മൂന്ന് ജില്ലകളിലായി 78 കേന്ദ്രങ്ങള്‍

കൊവിഡ് വ്യാപനവും ചില സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കവും കണക്കിലെടുത്ത് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവയ്ക്കണമെന്ന അപേക്ഷ സുപ്രിംകോടതി നിരാകരിച്ചതോടെയാണ് പരീക്ഷാ നടത്തിപ്പുമായി മുന്നോട്ടുപോവാന്‍ യുപിഎസ്‌സി തീരുമാനിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷ രണ്ടോ മൂന്നോ മാസത്തേക്ക് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട ഹരജിയിലാണ് ബെഞ്ച് വാദം കേട്ടത്.

Update: 2020-10-01 07:02 GMT

ന്യൂഡല്‍ഹി: യുപിഎസ്‌സി ദേശീയതലത്തില്‍ നടത്തുന്ന സിവില്‍ സര്‍വീസ് (പ്രാഥമിക) പരീക്ഷ ഒക്ടോബര്‍ നാലിന് നടക്കും. കൊവിഡ് വ്യാപനവും ചില സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കവും കണക്കിലെടുത്ത് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവയ്ക്കണമെന്ന അപേക്ഷ സുപ്രിംകോടതി നിരാകരിച്ചതോടെയാണ് പരീക്ഷാ നടത്തിപ്പുമായി മുന്നോട്ടുപോവാന്‍ യുപിഎസ്‌സി തീരുമാനിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷ രണ്ടോ മൂന്നോ മാസത്തേക്ക് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട ഹരജിയിലാണ് ബെഞ്ച് വാദം കേട്ടത്.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചില പൊതുപരീക്ഷകള്‍ അടുത്തിടെ അധികാരികള്‍ വിജയകരമായി നടത്തിയതിനാല്‍ യുപിഎസ്സിക്ക് പ്രാഥമിക പരീക്ഷകള്‍ നടത്താന്‍ കഴിയുമെന്ന് ബെഞ്ച് വ്യക്തമാക്കി. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായി 78 കേന്ദ്രങ്ങളാണ് പരീക്ഷ നടക്കുക. കേരളത്തില്‍നിന്ന് 30,000 ഓളം അപേക്ഷകരാണുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാനടത്തിപ്പിനായി വിശദമായ മാര്‍ഗരേഖ യുപിഎസ്‌സി പുറപ്പെടുവിച്ചു. വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ നടത്തിപ്പിനുള്ള ജീവനക്കാര്‍ക്കും അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ച് പരീക്ഷാകേന്ദ്രത്തിലേയ്ക്ക് യാത്രചെയ്യാം.

കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കും യാത്രചെയ്യാം. കെഎസ്ആര്‍ടിസി, കൊച്ചി മെട്രോ അടക്കമുള്ള പൊതുഗതാഗത സേവനങ്ങള്‍ ഇതിനായി സര്‍വീസ് നടത്തും. മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍/സ്മാര്‍ട്ട് വാച്ചുകള്‍, ബ്ലൂടൂത്ത് തുടങ്ങിയവ പരീക്ഷാഹാളില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ല. പരീക്ഷയ്ക്ക് ഒരുമണിക്കൂര്‍ മുമ്പ് മുതല്‍ പരീക്ഷാഹാളിലേക്ക് പ്രവേശനം നല്‍കും. പരീക്ഷാര്‍ഥിക്ക് പനിയോ ചുമയോ തുമ്മലോ ഉണ്ടെങ്കില്‍ പ്രത്യേകമുറി അനുവദിക്കും. അവസാനശ്രമമായി പരീക്ഷ എഴുതുന്നവര്‍ക്ക് കൊവിഡ് കാരണം അതിന് കഴിഞ്ഞില്ലെങ്കില്‍ മറ്റൊരവസരം നല്‍കുന്ന കാര്യം പരിഗണിക്കാന്‍ ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ബി ആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവരുള്‍പ്പെട്ട ബെഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചു.

ഈ വര്‍ഷത്തെ പരീക്ഷ അടുത്ത വര്‍ഷത്തേതിനൊപ്പം പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. കൊവിഡ് കാരണം വിദ്യാര്‍ഥികള്‍ക്ക് കോച്ചിങ് എടുക്കാനും മറ്റ് സൗകര്യങ്ങള്‍ക്കും കഴിഞ്ഞിട്ടില്ലെന്ന അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അവര്‍ക്ക് ഓണ്‍ലൈന്‍ പഠനസാമഗ്രികള്‍ ലഭ്യമാവുന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. ഏഴുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഴുത്തുപരീക്ഷയില്‍ 72 നഗരങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലായി ഏകദേശം ആറുലക്ഷം പേര്‍ പങ്കെടുക്കും.