ഫെഫ്കയ്ക്ക് തിരിച്ചടി; വിനയന്റെ വിലക്ക് നീക്കിയതിനെതിരായ ഹരജി സുപ്രിംകോടതി തള്ളി

Update: 2020-09-28 08:21 GMT

ന്യൂഡല്‍ഹി: സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരേ ഫെഫ്കയും മറ്റ് രണ്ട് സംഘടനകളും നല്‍കിയ ഹരജികള്‍ സുപ്രിം കോടതി തള്ളി. വിനയന് ഫെഫ്ക 81,000 രൂപ പിഴയൊടുക്കണമെന്ന നാഷനല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ വിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. പിഴത്തുക കുറയ്ക്കണമെന്ന ആവശ്യം പോലും പരിഗണിക്കാതെയുള്ള സുപ്രിംകോടതിയുടെ നടപടി ഫെഫ്കയ്ക്ക് കനത്ത തിരിച്ചടിയായി. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഫെഫ്കയുടെ ഹരജി പരിഗണിച്ചത്.

വിലക്ക് നീക്കിയതും പിഴയും ചോദ്യംചെയ്തായിരുന്നു ഫെഫ്ക സുപ്രിംകോടതിയിലെത്തിയത്. കേസിലെ വസ്തുതകള്‍ വിനയന് അനുകൂലമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അമ്മ, ഫെഫ്ക എന്നിവ ട്രേഡ് യൂനിയന്‍ ആക്ട് പ്രകാരം രൂപീകരിച്ച ട്രേഡ് യൂനിയന്‍ സംഘടനകളാണെന്നും അതിനാല്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് ഈ തര്‍ക്കത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും പരാതികള്‍ പരിഗണിക്കേണ്ടത് ലേബര്‍ കോടതിയാണെന്നും ഫെഫ്ക സംഘടനകള്‍ക്ക് വേണ്ടി ഹാജരായ കെ പരമേശ്വര്‍, സൈബി ജോസ്, ആബിദ് അലി ബീരാന്‍ എന്നിവര്‍ വാദിച്ചു.

ട്രേഡ് യൂനിയന്‍ ആക്ടും, കോംപറ്റീഷന്‍ ആക്ടും തമ്മില്‍ ചില വൈരുധ്യങ്ങളുണ്ടെങ്കിലും തങ്ങള്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം വിഷയങ്ങളില്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഇടപെടുന്നത് തൊഴിലാളി സംഘടനകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഫെഫ്ക വാദിച്ചെങ്കിലും സുപ്രിംകോടതി തള്ളിക്കളയുകയായിരുന്നു. വിലക്കിനെതിരേ വിനയന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഫെഫ്കയ്ക്ക് പുറമേ താരസംഘടനയായ അമ്മയ്ക്കും ട്രൈബ്യൂണല്‍ നാലുലക്ഷം രൂപ പിഴയൊടുക്കിയിരുന്നു.

എന്നാല്‍, വിധിക്കെതിരേ ഫെഫ്ക മാത്രമാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഫെഫ്കയ്ക്ക് പുറമെ, ഫെഫ്ക ഡയറക്ടേഴ്‌സ് യൂനിയന്‍, ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂനിയന്‍ എന്നീ സംഘടനകളാണ് സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നത്. വിനയന് വേണ്ടി അഭിഭാഷകന്‍ ഹര്‍ഷദ് ഹമീദാണ് സുപ്രിംകോടതിയില്‍ ഹാജരായത്.

Tags:    

Similar News