സുപ്രിം കോടതി മെട്രോ സ്റ്റേഷന്റെ പേര് സര്‍വോച്ച് ന്യായാലയ; തീരുമാനം വേഗത്തിലാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്, നബി കരിം മെട്രൊയുടെ പേര് രാംനഗര്‍ എന്നും മാറ്റണം

Update: 2026-02-21 07:55 GMT

ന്യൂഡല്‍ഹി: സുപ്രിം കോടതി മെട്രോ സ്റ്റേഷന്റെ പേര് ഹിന്ദിയില്‍ സര്‍വോച്ച് ന്യായാലയ എന്നാക്കാനുള്ള നീക്കത്തെ ന്യായീകരിച്ച് വിശ്വഹിന്ദു പരിഷത്ത് ഡല്‍ഹി യൂണിറ്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ഗുപ്ത. നേരത്തെ തന്നെ പേരുകള്‍ പുനര്‍ നാമകരണം ചെയ്യുന്നത് അധിക ചെലവ് ഒഴിവാക്കുമെന്നും നബി കരിം മെട്രൊയുടെ പേര് രാംനഗര്‍ എന്ന് ആക്കണമെന്നും സുരേന്ദ്ര ഗുപ്ത വ്യക്തമാക്കി.

സുപ്രിം കോടതി മെട്രോ സ്റ്റേഷന്റെ പേര് 'സര്‍വോച്ച് ന്യായാലയ' മെട്രോ സ്റ്റേഷന്‍ എന്ന് മാറ്റുന്നതിന് ഏകദേശം 40-45 ലക്ഷം രൂപ വരെ ചെലവാകുമെന്നാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) ഡല്‍ഹി ഹൈക്കോടതി അറിയിച്ചത്. നിലവില്‍ പേരുകളുടെ പുനര്‍നാമകരണം സംബന്ധിച്ച വിഷയം ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണനയിലാണുള്ളതെന്നും സുരേന്ദ്ര ഗുപ്ത കൂട്ടിച്ചേര്‍ത്തു.

പേര് ഹിന്ദിയിലേക്ക് മാറ്റിയാല്‍ 45 ലക്ഷം രൂപ ചെലവാകുമെന്ന് ഡിഎംആര്‍സി കോടതിയില്‍ അറിയിച്ചിട്ടുണ്ടെന്നും വൈകിപ്പിക്കാതെ ഉടന്‍ തന്നെ പേരുകള്‍ മാറ്റുന്നത് അധിക ചെലവ് ഒഴിവാക്കുമെന്നുമാണ് വിശ്വഹിന്ദു പരിഷത്തിന്റെ അവകാശവാദം.''ഇത് മതത്തിന്റെ കാര്യമല്ല, സുപ്രിം കോടതി മെട്രോ സ്റ്റേഷന്റെ ഹിന്ദിയിലുള്ള പേര് സര്‍വോച്ച് ന്യായാലയ് എന്ന് പുനര്‍നാമകരണം ചെയ്യുന്നത് പോലെ മറ്റ് സ്റ്റേഷനുകളുടെ പേരുകളും മാറ്റണം. നബി കരിം മെട്രൊയുടെ പേര് രാംനഗര്‍ എന്ന് ആക്കണം. പേരുകളില്‍ മുന്‍കൂട്ടി മാറ്റങ്ങള്‍ വരുത്തുന്നത് പിന്നീടുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഒഴിവാക്കും'' - സുരേന്ദ്ര ഗുപ്ത പറഞ്ഞു.

നേരത്തെ ഉദ്യോഗ് ഭവന്‍ മെട്രോ സ്റ്റേഷന്‍ സേവ തീര്‍ഥ് എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. മയൂര്‍ വിഹാര്‍ പോക്കറ്റ് 1 മെട്രോ സ്റ്റേഷനെ ശ്രീ റാം മന്ദിര്‍ മയൂര്‍ വിഹാര്‍ എന്നും മാറ്റിയിരുന്നു. ഡല്‍ഹി മെട്രോയുടെ നാലാം ഘട്ട വികസനത്തിന്റെ ഭാഗമായാണ് പേരുകളിലെ മാറ്റം. ഡല്‍ഹി മെട്രോയുടെ നാലാം ഘട്ട വികസനം ഏകദേശം 112 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, 44 പുതിയ സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന വിപുലമായ പദ്ധതിയാണ്. പ്രധാനമായും ഗോള്‍ഡന്‍ ലൈന്‍ (എയറോസിറ്റി-തുഗ്ലക്കാബാദ്), പിങ്ക് ലൈന്‍, മജന്ത ലൈന്‍ എന്നിവയുടെ വിപുലീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.