വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ ഒക്‌ടോബര്‍ ഒമ്പതിനകം കൈമാറണം; തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിം കോടതി

Update: 2025-10-07 14:13 GMT

ന്യൂഡല്‍ഹി: ബിഹാറില്‍ എസ്‌ഐആറിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിം കോടതി നിര്‍ദേശിച്ചു. ഒക്‌ടോബര്‍ ഒമ്പതിനകം വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദേശം. നവംബര്‍ 6ന് ആരംഭിക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഷെഡ്യൂള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. കേസ് വീണ്ടും ഒക്‌ടോബര്‍ 9നു പരിഗണിക്കാനായി മാറ്റി.

അതേസമയം, എസ്‌ഐആറില്‍ വോട്ടര്‍മാര്‍ക്ക് ആര്‍ക്കും പരാതിയില്ലെന്നും ഡല്‍ഹിയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും സര്‍ക്കാരിതര സംഘടനകള്‍ക്കുമാണ് പ്രശ്‌നമുള്ളതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിം കോടതിയില്‍ പറഞ്ഞു. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ ഇതുവരെ ഈ വിഷയത്തില്‍ ഒരു പരാതിയുമായി എത്തിയിട്ടില്ലെന്നത് കോടതി പരിഗണിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടുന്നത്.




Tags: