ഹിജാബ് ധരിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശത്തെ പിന്തുണയ്ക്കുന്നു: ജെഎന്‍യു വിസി

Update: 2024-04-27 05:25 GMT

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വസ്ത്രധാരണ തീരുമാനങ്ങളില്‍ വ്യക്തിപരമായ അധികാരത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. വസ്ത്രധാരണ രീതികളോടുള്ള തന്റെ വിയോജിപ്പ് ഡോ. പണ്ഡിറ്റ് പ്രകടിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യക്തിസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കണമെന്ന വിശ്വാസത്തില്‍ അവര്‍ ഉറച്ചുനിന്നു.

'ഞാന്‍ ഡ്രസ് കോഡിന് എതിരാണ്. വിദ്യാഭ്യാസ ഇടങ്ങള്‍ സ്വതന്ത്ര ഇടങ്ങളാണെന്ന് ഞാന്‍ കരുതുന്നു. ആരെങ്കിലും ഹിജാബ് ധരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് അവരുടെ ഇഷ്ടമാണ്, ആരെങ്കിലും അത് ധരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരെ നിര്‍ബന്ധിക്കരുത്,' അവര്‍ പിടിഐയോട് പറഞ്ഞു.

'ഭക്ഷണവും വസ്ത്രവും വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ കാര്യമാണ്. സ്ഥാപനങ്ങള്‍ ഇവയില്‍ നിയമങ്ങളൊന്നും ഉണ്ടാക്കണമെന്ന് ഞാന്‍ കരുതുന്നില്ല. വ്യക്തിഗത തിരഞ്ഞെടുപ്പിനെ മാനിക്കണം.' ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ഷോര്‍ട്ട്സും വംശീയ വസ്ത്രവും ധരിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഡോ പണ്ഡിറ്റ് സംഘപരിവാര അനുകൂലിയാണെന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ആദ്യ വനിതാ വൈസ് ചാന്‍സലറായി നിയമിതയായ ശാന്തിശ്രീ ധുലിപ്പുടി പണ്ഡിറ്റ് സംഘപരിവാര്‍ ആശയങ്ങള്‍ പിന്തുടരുകയും മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ വംശഹത്യാ ആഹ്വാനങ്ങളെ അനുകൂലിക്കുകയും ചെയ്യുന്നവരെന്നാണ്് റിപോര്‍ട്ട്. ജെഎന്‍യു കാംപസില്‍ തീവ്ര ഹിന്ദുത്വവാദികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചുകൊണ്ടിരുന്ന വി സി എം ജഗദീഷ് കുമാറിന്റെ പിന്‍ഗാമിയായാണ് ശാന്തിശ്രീ ധുലിപ്പുടി ചുമതലയേല്‍ക്കുന്നത്.

മഹരാഷ്ട്രയിലെ സാവിത്രിഭായ് ഫുലെ സര്‍വകലാശാലയിലെ പൊളിറ്റിക്സ് ആന്റ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ പ്രഫസറായിരുന്ന ശാന്തിശ്രീ ധുലിപ്പുടി. 59കാരിയായ ശാന്തിശ്രീ, ജെഎന്‍യുവില്‍നിന്നാണ് എംഫിലും പിഎച്ചിഡിയും നേടിയത്. തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം പലതവണ അവര്‍ മടികൂടാതെ തുറന്നുപറഞ്ഞിട്ടുണ്ട്. ശാന്തിശ്രീയുടെ ആര്‍എസ്എസ് ബന്ധവും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടംപിടിച്ചിട്ടുള്ളതാണ്. സമീപകാലത്ത് വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കുമെതിരായ ഹിന്ദുത്വ സംഘടനകളുടെയും സംഘപരിവാര്‍ സഹയാത്രികരുടെയും വംശഹത്യാ ആക്രമണത്തിനുള്ള ആഹ്വാനങ്ങളെ അസന്നിഗ്ധമായി പുതിയ വിസി പിന്തുണച്ചിട്ടുണ്ടെന്ന് അവരുടെ ട്വീറ്റുകളില്‍നിന്ന് വ്യക്തമാണ്.

ഉദാഹരണത്തിന് ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരേ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തതിന് ശേഷം ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതിനെ അപലപിച്ച ടൈംസ് നൗ എഡിറ്റര്‍ രാഹുല്‍ ശിവശങ്കറിന്റെ അഭിപ്രായത്തിന് മറുപടിയായി ശാന്തിശ്രീ പണ്ഡിറ്റ് ഇടതുപക്ഷ ലിബറലുകളെ 'ജിഹാദികള്‍' എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. മറ്റൊരു ട്വീറ്റില്‍ പൗരാവകാശ പ്രവര്‍ത്തകരെ 'ചൈനീസ്' മാതൃകയിലുള്ള 'മാനസിക വൈകല്യമുള്ള ജിഹാദികള്‍' എന്ന് മുദ്രകുത്തി. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെയെ ന്യായീകരിച്ചും ശാന്തിശ്രീ രംഗത്തുവന്നു.

മഹാത്മാ ഗാന്ധിയുടെ കൊലപാതകം 'ദു:ഖകരം' എന്ന് അവര്‍ വിശേഷിപ്പിക്കുമ്പോഴും 'ഏകീകൃത ഇന്ത്യ'ക്ക് ഗാന്ധിയുടെ കൊലപാതകം മാത്രമായിരുന്നു ഒരു 'പരിഹാരം' എന്ന ചിന്തയില്‍നിന്ന് ഉയര്‍ന്നുവന്നതായിരുന്നു ഗോഡ്സെയുടെ നടപടിയെന്നാണ് ട്വീറ്റില്‍ പറയുന്നത്. 'ഇറ്റാലിയന്‍ വംശജ' എന്ന് പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അധിക്ഷേപിച്ച ശാന്തിശ്രീ, ബിജെപിക്ക് വോട്ടുചെയ്യാനും അവര്‍ ട്വിറ്ററിലൂടെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ജെഎന്‍യുവിലെ ഇടതുപക്ഷ പ്രവര്‍ത്തകരെ 'നക്സല്‍ ജിഹാദികള്‍' എന്നായിരുന്നു അവരുടെ പരിഹാസം. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തുരത്തണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 'മറ്റ് മാര്‍ഗങ്ങളിലൂടെയുള്ള ഭീകരത'യായ 'ലൗ ജിഹാദ്' തടയാന്‍ 'അമുസ്ലിംകള്‍' ഉണരണമെന്നും അവര്‍ ആഹ്വാനം ചെയ്തു. പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ 'പരാന്നഭോജികള്‍, ഇടനിലക്കാര്‍, ദലാലുകള്‍' എന്ന് വിളിച്ച് അവര്‍ കര്‍ഷകപ്രസ്ഥാനത്തെ പരിഹസിച്ചു. കൂടാതെ ശഹീന്‍ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരേയും അവര്‍ ആഞ്ഞടിച്ചിട്ടുണ്ട്.




Tags: