തമിഴ്‌നാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പോര്‍കൊടിക്ക് പിന്തുണ; ബിജെപി വിമര്‍ശകനായ പാ രഞ്ജിത്തിനെതിരേ പ്രതിഷേധം
ചെന്നൈ: തിരു വികാ നഗറിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പോര്‍കുടികൊടി ആംസ്‌ട്രോങ്ങിന് വിജയ ആശംസ നേര്‍ന്ന് പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത്ത്. ദലിത് പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാവായിരുന്ന ആംസ്‌ട്രോങ്ങിന്റെ ഭാര്യയാണ് പോര്‍കുടി. സാധാരണക്കാരോട് ചേര്‍ന്ന് നില്‍ക്കുന്ന നേതാവായി പോര്‍കുടി മാറട്ടെയെന്ന് പാ രഞ്ജിത്ത് ആശംസിച്ചു. കടുത്ത ബിജെപി വിമര്‍ശകനായ പാ രഞ്ജിത്തിന്റെ പിന്തുണയ്‌ക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
ബഹുജന്‍ സമാജ് പാര്‍ട്ടി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ കൊല്ലപ്പെട്ട കെ. ആംസ്‌ട്രോങ്ങിന്റെ ഭാര്യയായ പോര്‍കൊടി ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ തമിഴ് മാനില ബഹുജന്‍ സമാജ് കക്ഷി എന്ന പേരില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് എന്‍ഡിഎയില്‍ ചേരുകയായിരുന്നു. തിരു വികാ നഗറില്‍ എം.കെ . പല്ലവിയും. ഡിഎംകെയുടെ കെ.എസ് രവിചന്ദ്രനുമാണ് ഇവരുടെ എതിരാളികള്‍.
തമിഴ്‌നാട്ടിലെ ദലിത് പ്രസ്ഥാനങ്ങളുടെ മുന്‍നിര നേതാവായിരുന്നു ആംസ്‌ട്രോങ്ങ് 2024 ജൂലായ് 5നാണ് കൊല്ലപ്പെട്ടത്. കേസില്‍ അന്വേഷണം നടത്തിയ പോലിസ് 5000 പേജുകള്‍ കുറ്റപത്രമാണ് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ കോടതി കുറ്റപത്രം റദ്ദാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കേസിലെ പ്രധാനപ്രതി പി. നാഗേന്ദ്രന്‍ മറ്റൊരു കേസിലെ ജയില്‍ ശിക്ഷയ്ക്കിടെ ജയിലില്‍ വെച്ച് മരിച്ചു. കേസില്‍ ബിജെപി അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും പ്രതികളാണ്.