പാചകവാതക വില കൂട്ടി; സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത് 19.50 രൂപ

വിമാന ഇന്ധനത്തിന്റെ വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. 2.6 ശതമാനമാണ് വിമാന ഇന്ധനത്തിന്റെ വിലവര്‍ധനവ്.

Update: 2020-01-01 09:10 GMT

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ പാചകവാതക സിലിണ്ടറിന് വില കൂട്ടി എണ്ണക്കമ്പനികള്‍. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വിലകൂടിയിട്ടുണ്ട്. സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് കൂടിയത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതല്‍ 28 രൂപ അധികം നല്‍കണം. ഗാര്‍ഹികാവശ്യത്തിനുള്ള 14.2 കിലോയുള്ള സിലിണ്ടറിന് 695 രൂപയുണ്ടായിരുന്നത് 19 രൂപ വര്‍ധിച്ച് കൂടി 714 രൂപ ആയി. ഡല്‍ഹിയിലെ നിരക്കാണിത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 28 രൂപ കൂടിയതിനാണ് ഇനിമുതല്‍ 1,213 രൂപയ്ക്ക് പകരം 1,241 രൂപയായി ഉയര്‍ന്നു.

തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് പാചകവാതകത്തിന് വിലവര്‍ധിക്കുന്നത്. വിമാന ഇന്ധനത്തിന്റെ വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. 2.6 ശതമാനമാണ് വിമാന ഇന്ധനത്തിന്റെ വിലവര്‍ധനവ്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയിലുള്ള മാറ്റമാണ് വിലകൂട്ടാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. സബ്‌സിഡി നല്‍കുന്നതിനാല്‍ ഗാര്‍ഹിക ഉപഭോക്താക്കളെ വിലവര്‍ധനവ് ബാധിക്കില്ലെന്നാണ് എണ്ണക്കമ്പനികളുടെ വാദം. എന്നാല്‍, ജിഎസ്ടി നിരക്കിലുണ്ടാവുന്ന വര്‍ധന ഗാര്‍ഹിക ഉപഭോക്താക്കളെയും ബാധിക്കും. 

Tags:    

Similar News