ഇസ്രായേലിനെതിരെ പ്രതിഷേധിച്ച ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു
ഹൈദരാബാദ്: ലോകമനസ്സാക്ഷിയെ നടുക്കി ഗസയില്‍ നരനായാട്ട് നടത്തുന്ന ഇസ്രയേലിനെതിരെ പ്രതിഷേധിച്ച ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേ്‌സിറ്റി വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു.അംബേദ്കര്‍ പ്രതിമയ്ക്ക് സമീപമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. പരിപാടി തുടങ്ങി അഞ്ചുമിനിറ്റിനകംതന്നെ പോലിസ് സ്ഥലത്തെത്തുകയായിരുന്നു.
പെണ്‍കുട്ടികളായിരുന്നു പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും. വിദ്യാര്‍ഥികള്‍ ഫലസ്തീന്‍ നീണാള്‍ വാഴട്ടെ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിക്കുകയും ഇസ്രായേലിനെ അപലപിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. പോലിസ് വാഹനത്തില്‍ പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് കൊണ്ടുപോവുകയായിരുന്നു.കഴിഞ്ഞയാഴ്ച ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഹൈദരാബാദില്‍ നടക്കുന്ന ആദ്യ പ്രതിഷേധമാണിത്.