പൗരത്വപ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തലും നേതാക്കളുടെ അറസ്റ്റും; ശക്തമായി അപലപിച്ച് പോപുലര്‍ ഫ്രണ്ട്

ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും വിഭജന അജണ്ടയ്‌ക്കെതിരേയും പൗരത്വ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് പോപുലര്‍ ഫ്രണ്ട് അധികാരകേന്ദ്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Update: 2019-12-19 16:18 GMT

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയും നേതാക്കളെയും പ്രതിഷേധക്കാരെയും അറസ്റ്റുചെയ്യുകയും ചെയ്യുന്ന പോലിസിന്റെയും അധികാരികളുടെയും നടപടികളെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ശക്തമായി അപലപിച്ചു. പൗരത്വ ഭേദഗതി നിയമത്തോടുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ എതിര്‍പ്പ് രാജ്യമെമ്പാടും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനാവിരുദ്ധമായ ഈ നടപടിക്കെതിരേ അവര്‍ വലിയ തോതില്‍ തെരുവിലിറങ്ങുകയും വിവിധ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്യുന്നു.

പോലിസ് നടത്തുന്ന ക്രൂരതകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പ്രക്ഷോഭങ്ങള്‍ എല്ലായിടത്തും സമാധാനപരവും ജനാധിപത്യപരവുമായിരുന്നു. സംഘടനകള്‍, പാര്‍ട്ടികള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ യാതൊരു വ്യത്യാസവുമില്ലാതെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും പൗരത്വമെന്ന മതേതരസങ്കല്പത്തെ തകര്‍ക്കുന്നതിനെതിരേ ജനാധിപത്യപരമായി വിയോജിച്ച് പ്രകടനത്തില്‍ പങ്കാളികളായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്നുള്ള റിപോര്‍ട്ടുകള്‍ പ്രകാരം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ക്രൂരമായ ബലപ്രയോഗത്തിലൂടെ സമാധാനപരമായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ തുടങ്ങിയെന്നാണ് വ്യക്തമാവുന്നതെന്ന് പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

പല സംസ്ഥാനങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നു. പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നതില്‍നിന്ന് പ്രശസ്ത പണ്ഡിതന്‍മാരെയും ആക്ടിവിസ്റ്റുകളെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ദേശീയ നേതാക്കളെയും തടയുകയാണ്. ഡല്‍ഹിയില്‍ ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികളോടുള്ള പോലിസിന്റെ ക്രൂരതയ്‌ക്കെതിരേ വിവിധ സംഘടനകളുടെയും മതേതര പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ നടത്തിയ ചെങ്കോട്ട മാര്‍ച്ചില്‍ പങ്കെടുത്തവരെ പോലിസ് കൂട്ടത്തോടെ അറസ്റ്റുചെയ്തത് അസ്വസ്ഥതയുണ്ടാക്കുന്നു. നിയമപരവും സമാധാനപരവുമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയവിരോധമാണെന്ന് വ്യക്തമാണ്.

ഡല്‍ഹിയില്‍ കസ്റ്റഡിയിലെടുത്തവരില്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, എസ്ഡിപിഐ നേതാവ് ഡോ. തസ്‌ലിം റഹ്മാനി എന്നിവരും ഉള്‍പ്പെടുന്നു. ബംഗളൂരില്‍ പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്രഗുഹ അറസ്റ്റിലായി. അസമില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അമീനുല്‍ ഹഖിനെതിരേ വ്യാജകേസ് ചുമത്തുകയും ഓഫിസുകളിലും വസതികളിലും റെയ്ഡുകള്‍ നടത്തുകയും ചെയ്തുവെന്ന് നേതാക്കള്‍ പറഞ്ഞു. യുപിയിലും നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. പോപുലര്‍ ഫ്രണ്ട് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ വിവിധ സ്ഥലങ്ങളില്‍ കസ്റ്റഡിയിലെടുത്തുകൊണ്ടിരിക്കുകയാണ്. കൂടാതെ സര്‍ക്കാരിനെതിരായ പ്രതിഷേധത്തെ ഇല്ലായ്മ ചെയ്യുന്നതിന് മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുകയും ഡല്‍ഹിയില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്യുന്നു. സമാധാനപരമായ പ്രക്ഷോഭത്തെ നേരിടാന്‍ 1,30,000 സുരക്ഷാസേനയെയാണ് വിന്യസിച്ചത്.

ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ബിജെപി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അടിച്ചമര്‍ത്തല്‍ നടപടികളെ ശക്തമായി അപലപിക്കുന്നു. ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും വിഭജന അജണ്ടയ്‌ക്കെതിരേയും പൗരത്വ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് പോപുലര്‍ ഫ്രണ്ട് അധികാരകേന്ദ്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പുതിയ പൗരത്വഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കങ്ങളില്‍നിന്ന് പിന്‍മാറാന്‍ സര്‍ക്കാരും അവര്‍ നിയന്ത്രിക്കുന്ന എല്ലാ ശക്തികളും തയ്യാറാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പോപുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഇ എം അബ്ദുര്‍റഹിമാന്‍, നോര്‍ത്ത് സോണ്‍ പ്രസിഡന്റ് എ എസ് ഇസ്മായില്‍, ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് പര്‍വേസ് അഹമ്മദ്, എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഷറഫുദ്ദീന്‍ അഹമ്മദ്, ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

Similar News