ഡിസംബര്‍ 31നും പണിമുടക്കും; പുതുവല്‍സരത്തിന് സ്വിഗ്ഗിയും സൊമാറ്റോയും ഉണ്ടാകില്ല

Update: 2025-12-26 03:10 GMT

ന്യൂഡല്‍ഹി: ഗിഗ് തൊഴിലാളികള്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് സമരം ഡിസംബര്‍ 31നും ആവര്‍ത്തിക്കും. ക്രിസ്മസ് ദിനത്തില്‍ (ഡിസംബര്‍ 25) ഗിഗ് തൊഴിലാളികള്‍ പണിമുടക്ക് സമരം വിജയകരമായി നടത്തിയിരുന്നു. ഇനി സമരം ഡിസംബര്‍ 31നാണ്. ശമ്പള വര്‍ദ്ധന , സുരക്ഷാ പ്രശ്‌നങ്ങള്‍ , സാമൂഹിക സുരക്ഷ തുടങ്ങിയ പ്രശ്‌നങ്ങ ഉന്നയിച്ചാണ് ഈ സമരം. സ്വിഗ്ഗി, സൊമാറ്റോ, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കും.

വര്‍ഷാവസാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഡെലിവറി സമയത്തെ പ്രവര്‍ത്തനങ്ങളാണ് തടസ്സപ്പെടാന്‍ പോകുന്നത്.തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂണിയനും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ്-ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സുമാണ് ഈ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മെട്രോ നഗരങ്ങളിലും പ്രധാന ടയര്‍-2 നഗരങ്ങളിലുമുള്ള ഡെലിവറി പങ്കാളികള്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡെലിവറി ജീവനക്കാര്‍ നിരവധി പ്രശ്‌നങ്ങളാണ് ഉന്നയിക്കുന്നത്.

വരുമാനം പോകെപ്പോകെ കുറയുന്നു എന്നതാണ് അതിലൊരു പരാതി. ജോലി സമയം ദീര്‍ഘവും പ്രവചനാതീതവുമായി മാറി. സുരക്ഷിതമല്ലാത്ത ഡെലിവറി ടാര്‍ഗറ്റുകള്‍ നല്‍കുന്നതാണ് മറ്റൊരു പ്രശ്‌നം. 10 മിനിറ്റ് കൊണ്ട് സാധനം എത്തിച്ചു നല്‍കാമെന്ന് ഉപയോക്താവിന് വാക്ക് നല്‍കുന്നു. ഇത് നിറവേറ്റേണ്ടത് ഗിഗ് തൊഴിലാളിയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതാണ് മറ്റൊരു പ്രശ്‌നം. തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക സുരക്ഷയും ഏര്‍പ്പെടുത്തുന്നില്ലെന്നും ആരോപിക്കപ്പെടുന്നു.

യഥാര്‍ത്ഥ ജോലി സമയത്തിനും ചെലവുകള്‍ക്കും അനുസരിച്ചുള്ള സുതാര്യവും ന്യായവുമായ ശമ്പള ഘടന നല്‍കണമെന്ന് ഗിഗ് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു. 10 മിനിറ്റ് ഡെലിവറി പോലുള്ള അതിവേഗ ഡെലിവറി മോഡലുകള്‍ പിന്‍വലിക്കണം. ഇത് സുരക്ഷയെ ബാധിക്കുന്നു എന്ന് ജീവനക്കാര്‍ പറയുന്നു. കാരണം കൂടാതെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നത് നിര്‍ത്തണം. മെച്ചപ്പെട്ട അപകട ഇന്‍ഷുറന്‍സും സുരക്ഷാ ഉപകരണങ്ങളും നല്‍കണം. ജോലി ഉറപ്പ് നല്‍കണം. നിര്‍ബന്ധിത വിശ്രമ സമയം നല്‍കണം.

കൂടാതെ, ആപ്പ് തലത്തിലുള്ള പരാതി പരിഹാര സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ഗിഗ് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ്, അപകട ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള തൊഴില്‍ സുരക്ഷാ നടപടികള്‍ വേണമെന്നും യൂണിയനുകള്‍ ആവശ്യപ്പെടുന്നു. പ്ലാറ്റ്ഫോമുകളുടെ 'നിയന്ത്രണമില്ലാത്ത അല്‍ഗോരിതപരമായ' നീക്കങ്ങള്‍ കാരണം അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഡെലിവറി സമയം കുറയുകയും ഇന്‍സെന്റീവ് ഘടനകള്‍ മാറുകയും ചെയ്യുകയാണ്. വരുമാനം കിട്ടാനായി പരക്കം പായുന്ന തൊഴിലാളികള്‍ക്ക് ജീവന്‍ വരെ നഷ്ടമാകുന്നു.




Tags: