ഉത്തരാഖണ്ഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ; ജാമ്യമില്ലാക്കുറ്റം, ജീവപര്യന്തം തടവ്

Update: 2025-08-14 05:19 GMT


ന്യൂഡല്‍ഹി:
ഉത്തരാഖണ്ഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ വ്യവസ്ഥചെയ്യുന്ന ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരംനല്‍കി. ജീവപര്യന്തം തടവ് ശിക്ഷയും 10 ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷയായി ബില്ലില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്. നിര്‍ബന്ധിത മതംമാറ്റം ജാമ്യമില്ലാ കുറ്റമായിരിക്കും. വാറന്റ് ഇല്ലാതെതന്നെ അറസ്റ്റ് ചെയ്യാന്‍ ബില്ലില്‍ വ്യവസ്ഥചെയ്യുന്നുണ്ട്. ഓഗസ്റ്റ് 19-ന് ആരംഭിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനാണ് പുഷ്‌കര്‍ സിങ് ധാമി സര്‍ക്കാരിന്റെ തീരുമാനം.

സംസ്ഥാന മന്ത്രിസഭാ അംഗീകാരം നല്‍കിയ മതസ്വാതന്ത്ര്യ (ഭേദഗതി) ബില്ലിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 10 ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷയായി ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അനധികൃത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ചുരുങ്ങിയത് ഏഴ് വര്‍ഷം തടവുശിക്ഷ ലഭിക്കും. പരമാവധി ശിക്ഷ 14 വര്‍ഷം മുതല്‍ 20 വര്‍ഷംവരെ തടവാണ്. കൂട്ട മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം മുതല്‍ 14 വര്‍ഷം വരെ തടവുശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്തവര്‍, വനിതകള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, എസ്സി/എസ്സി തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവരെ നിര്‍ബന്ധിതമായി മതംമാറ്റുന്നവര്‍ക്കും കടുത്ത ശിക്ഷ ലഭിക്കും. അഞ്ചുവര്‍ഷംമുതല്‍ 14 വര്‍ഷംവരെയാണ് ഈ കുറ്റകൃത്യത്തില്‍ ഏര്‍പെടുന്നവന്നവര്‍ക്ക് ശിക്ഷയെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. മതപരിവര്‍ത്തനം നടത്താന്‍ വിദേശ ഫണ്ട് ലഭിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷംമുതല്‍ 14 വര്‍ഷംവരെയാണ് തടവുശിക്ഷ. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് വിവാഹം കഴിക്കുന്നവര്‍ക്ക് 20 വര്‍ഷം കഠിന തടവ് ലഭിക്കും. വിവാഹ സമയത്ത് മതം മറച്ചുവെക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം മുതല്‍ പത്തു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കുമെന്നാണ് ബില്ലില്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവരെ വാറന്റ് ഇല്ലാതെതന്നെ അറസ്റ്റ് ചെയ്യാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. സെഷന്‍സ് കോടതിയിലാണ് വിചാരണ. അറസ്റിലായ വ്യക്തി കുറ്റക്കാരനല്ലെന്ന് ബോധ്യമായാല്‍ മാത്രമേ ജാമ്യം അനുവദിക്കാവൂ. ഇതേ കുറ്റകൃത്യം നടത്തില്ലെന്ന് ഉറപ്പുവരുത്തിയശേഷമേ ജാമ്യം അനുവദിക്കാവൂ എന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ ലഭിച്ച വസ്തുക്കളും ആസ്തികളും കണ്ടുകെട്ടാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ബില്ലില്‍ അധികാരം നല്‍കുന്നുണ്ട്. പാരിതോഷികം, പണം, തൊഴില്‍, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയിലൂടെ നടത്തുന്ന മത പരിവര്‍ത്തനം കുറ്റകരമാണെന്നും ബില്ലില്‍ വിശദീകരിച്ചിട്ടുണ്ട്.

Tags: