തെരുവുനായ ആക്രമണം: പുറത്തുവരുന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ വേണം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

Update: 2025-07-25 11:37 GMT

തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ വര്‍ഷം 37 ലക്ഷം പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റതായും 54 പേര്‍ പേവിഷ ബാധയേറ്റ് മരിച്ചതായും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ നാഷണല്‍ റാബിസ് കണ്‍ട്രോള്‍ പ്രോഗ്രാം ശേഖരിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്.

തെരുവ് നായ് ആക്രമണത്തിന്റെ ഇരകളില്‍ 5 ലക്ഷത്തോളം പേര്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് എന്നത് ഗൗരവതരമാണ്. കേരളത്തില്‍ മാത്രം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ 17 ലക്ഷം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതായാണ് വിവരം. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ 16,5136 പേര്‍ക്ക് തെരുവ് നായയുടെ കടിയേല്‍ക്കുകയും 17 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരം. കാല്‍നട, ഇരുചക്ര വാഹന യാത്രക്കാര്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവാണ്. വന്ധ്യംകരണ പദ്ധതി പാളിയതോടെ നായ്ക്കളുടെ എണ്ണം വര്‍ധിച്ചു. കേന്ദ്ര വ്യവസ്ഥ മൂലം തെരുവ് നായ്ക്കളെ പിടികൂടാനുള്ള പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ ഉപേക്ഷിച്ചു. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് തെരുവ് നായ്ക്കള്‍ കൂടി വന്നതോടെ നാട്ടുകാര്‍ ഇരട്ടി ദുരിതത്തിലായി. സ്‌കൂള്‍ കുട്ടികള്‍ക്ക് നായ്ക്കളെ ഭയക്കാതെ നടന്ന് സ്‌കൂളിലെത്താന്‍ കഴിയുന്നില്ല. നായ കുറുകെ ചാടി ഉണ്ടാകുന്ന അപകടങ്ങള്‍ ചെറുതല്ല.

അപകടത്തില്‍പെടുന്ന പലരും ദിവസങ്ങളും മാസങ്ങളും ചികിത്സ തേടണം. തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏറ്റവും വലിയ തടസം കേന്ദ്രസര്‍ക്കാരിന്റെ ആനിമല്‍ ബെര്‍ത്ത് കണ്ട്രോള്‍ റൂള്‍സ് (എബിസി ചട്ടങ്ങള്‍) ആണെന്നാണ് കേരള സര്‍ക്കാരിന്റെ വാദം. എബിസി ചട്ടപ്രകാരം വന്ധ്യംകരണം നടത്താന്‍ മാത്രമേ സാധിക്കുകയുള്ളൂ. അതിന് എയര്‍കണ്ടീഷന്‍ ചെയ്ത ഓപ്പറേഷന്‍ തീയറ്ററും സിസിടിവി ക്യാമറയും റഫ്രിജറേറ്ററും അടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടാകണം. കേന്ദ്രത്തിന്റെ മറ്റ് നിര്‍ദ്ദേശങ്ങളും അപ്രായോഗികമാണ് എന്നാണ് മന്ത്രി പറയുന്നത്. മനുഷ്യത്വ രഹിതമായ ഇത്തരം നിയമങ്ങളെ മറികടക്കാന്‍ നിയമസഭയില്‍ നിയമം പാസാക്കാന്‍ ഇരു മുന്നണികളും തയ്യാറാകണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എം. ഐ ഇര്‍ഷാന, സംസ്ഥാന സെക്രട്ടറിമാരായ റൈഹാനത്ത് സുധീര്‍, കെ. കെ ഫൗസിയ, സെക്രട്ടറിയേറ്റ് അംഗങ്ങളായ സല്‍മസ്വാലിഹ്, സുലൈഖ റഷീദ്, ബാബിയ ഷെരീഫ് എന്നിവര്‍ സംസാരിച്ചു.



Tags: