അഹ്‌മദാബാദില്‍ തറാവീഹ് നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ക്ക് നേരെ കല്ലേറ്; മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കിയ യുവാവ് അറസ്റ്റില്‍

Update: 2025-03-08 18:10 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ അഹ്‌മ്മദാബാദില്‍ തറാവീഹ് നിസ്‌കാരം പള്ളിക്കുള്ളില്‍വച്ച് നിസ്‌കരിക്കുകയായിരുന്നവര്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിശദീകരിച്ച യുവാവ് അറസ്റ്റില്‍. സയ്യിദ് മെഹ്ദി ഹുസൈന്‍ ആണ് അറസ്റ്റിലായത്. ഇരുസമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നാരോപിച്ചാണ് അറസ്റ്റ്ചെയ്തത്.

പള്ളിക്കുള്ളില്‍ വച്ച് നിസ്‌കരിക്കുന്നവര്‍ക്ക് നേരെ കല്ലെറിയുകയും കത്തി ചൂണ്ടി ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയുംചെയ്ത സംഭവത്തിന് സാമുദായിക നിറമില്ലെന്നാണ് പോലിസിന്റെ ഭാഷ്യം. പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്നാണ്  ഗുജറാത്ത് പോലിസിന്റെ ഭാഷ്യം.

അഹമ്മദാബാദിലെ വതുവയില്‍ തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവരികയും ഇരകള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. പള്ളിക്കുള്ളിലും പുറത്തുമായി നിന്നിരുന്ന വിശ്വാസികളില്‍ തൊപ്പിവച്ചവരെ മനപ്പൂര്‍വം ലക്ഷ്യംവച്ചതായും കത്തികാട്ടി നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായും ഇരകള്‍ പറഞ്ഞു.

സംഭവത്തില്‍ അമിത്, സുനില്‍ എന്നീ രണ്ടുപേര്‍ക്കെതിരെ പോലിസില്‍ ഇരകള്‍ പരാതി നല്‍കിയിരുന്നു. പ്രതികളുടെ പേര് പറഞ്ഞിട്ടും അജ്ഞാതര്‍ കല്ലെറിഞ്ഞു എന്നാണ് പരാതിയില്‍ പോലിസ് എഴുതിയത്. അഹ്‌മദാബാദിലെ വത്വ ഗ്രാമത്തില്‍ എല്ലാവര്‍ഷവും റമദാനില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാറുണ്ടെന്ന് സെയ്ദ് മെഹ്ദി പറഞ്ഞിരുന്നു. റമദാനില്‍ മുസ്ലിം വീടുകള്‍ക്ക് നേരെയും കല്ലേറുണ്ടാവാറുണ്ടെന്നും സെയ്ദ് വ്യ്ക്തമാക്കിയിരുന്നു.





Tags: