ഡല്‍ഹിയില്‍ കണക്കുകൂട്ടലുകള്‍ തെറ്റി; 'ഗോലി മാരോ' പ്രചാരണം തിരിച്ചടിയായി: അമിത് ഷാ

ഡല്‍ഹി തിരഞ്ഞെടുപ്പും ശാഹീന്‍ബാഗും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ല. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിജയിക്കാന്‍ വേണ്ടി മാത്രമല്ലെന്നും ബിജെപിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-02-13 16:06 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും പ്രചാരണതന്ത്രങ്ങളില്‍ പാളിച്ചയുണ്ടായെന്നും സമ്മതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'ഗോലി മാരോ' പ്രചാരണവും പാര്‍ട്ടിക്ക് തിരിച്ചടിയായി. ഗോലി മാരോ, ഇന്ത്യ- പാക് മാച്ച് എന്നീ പ്രയോഗങ്ങള്‍ ബിജെപി ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ടൈംസ് നൗ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടിയെക്കുറിച്ച് അമിത് ഷാ തുറന്നുസംസാരിച്ചത്.

പാര്‍ട്ടി നേതാക്കള്‍ നടത്തിയ വിദ്വേഷപ്രചാരണമാണ് തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതികൂലമായി ബാധിച്ചത്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍നിന്ന് പാര്‍ട്ടി അകലം പാലിക്കണം. ഡല്‍ഹി തിരഞ്ഞെടുപ്പും ശാഹീന്‍ബാഗും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ല. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിജയിക്കാന്‍ വേണ്ടി മാത്രമല്ലെന്നും ബിജെപിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ സ്ഥിതി ശാന്തമാണ്. ആര്‍ക്കുവേണമെങ്കിലും കശ്മീരില്‍ പോവാം. കശ്മീരില്‍ പോയി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് നിലവിലെ പ്രശ്‌നം.

ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലം പൗരത്വ നിയമത്തിനോ എന്‍പിആറിനോ എതിരെയുള്ള ജനവിധിയല്ല. പൗരത്വ നിയമത്തിന് എതിരെയുള്ള സമരങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. അനുകൂലപ്രകടനങ്ങള്‍ മാധ്യമങ്ങള്‍ അവഗണിക്കുന്നു. ചോദ്യം ചോദിക്കാനുള്ള മാധ്യമങ്ങളുടെ അവകാശം പോലെ മാധ്യമങ്ങള്‍ക്കെതിരേ ചോദ്യംചോദിക്കാന്‍ ജനത്തിനും അവകാശമുണ്ടെന്ന് പറഞ്ഞ അമിത് ഷാ, പട്ടികജാതി-വര്‍ഗ സംവരണത്തിനെതിരായ സുപ്രിംകോടതി വിധിക്ക് കാരണം ഉത്തരാഖണ്ഡിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും കുറ്റപ്പെടുത്തി. 

Tags:    

Similar News