ഭീമാ കൊറേഗാവ് കേസ്: സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി

പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ അദ്ദേഹം കഴിഞ്ഞ അഞ്ചുമാസത്തിലധികമായി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ്. 2020 ഒക്ടോബര്‍ ഏഴിനാണ് റാഞ്ചിയില്‍നിന്ന് ഫാ.സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റുചെയ്യുന്നത്.

Update: 2021-03-22 09:20 GMT

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ എന്‍ഐ അറസ്റ്റുചെയ്ത ആദിവാസി അവകാശപ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക കോടതി തള്ളി. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ അദ്ദേഹം കഴിഞ്ഞ അഞ്ചുമാസത്തിലധികമായി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ്. 2020 ഒക്ടോബര്‍ ഏഴിനാണ് റാഞ്ചിയില്‍നിന്ന് ഫാ.സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റുചെയ്യുന്നത്.

അടുത്ത ദിവസം മുംബൈയിലെത്തിച്ച അദ്ദേഹത്തിനും മറ്റ് ഏഴുപേര്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷം അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇന്ത്യയിലെ ജനങ്ങളുടെ ഭൂസമരങ്ങളെക്കുറിച്ചും ജാതീയതയെക്കുറിച്ചും എഴുതുന്നതുകൊണ്ടും രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ട പൗരന്‍മാരുടെ ജനാധിപത്യ അവകാശങ്ങള്‍ ലംഘിച്ചതിനെതിരേ പോരാട്ടം നയിക്കുന്നതുകൊണ്ടുമാണ് കേന്ദ്ര ഏജന്‍സി തന്നെ ലക്ഷ്യമിടുന്നതെന്ന് അഡ്വ. ഷെരീഫ് ഷെയ്ഖ് മുഖേന സമര്‍പ്പിച്ച 31 പേജുള്ള ജാമ്യാപേക്ഷയില്‍ സ്വാമി പറഞ്ഞിരുന്നു.

2017 ഡിസംബര്‍ 31 ന് പൂനെയില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് പരിപാടിയുടെ സംഘാടനവുമായി സ്വാമി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. എന്നാല്‍, പ്രഥമദൃഷ്ട്യാ സ്വാമി പരിപാടിയുടെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാവോവാദി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് തെളിവുണ്ടെന്നുമാണ് എന്‍ഐഎ അവകാശപ്പെടുന്നത്.

കേസില്‍ മറ്റുള്ളവരെ അറസ്റ്റുചെയ്തതിനെ അപലപിക്കാന്‍ സ്വാമി യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നതായി പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് ഷെട്ടി മുഖേന എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. സ്റ്റാന്‍ സ്വാമി നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) അംഗമാണെന്നും നിരവധി പാര്‍ട്ടി അംഗങ്ങളെ അറസ്റ്റുചെയ്തതിനുശേഷം അതിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിന് ലഭിച്ചുവെന്നുമാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നത്.

Tags:    

Similar News