ശ്രീന​ഗറിൽ സായുധാക്രമണത്തിൽ പോലിസുകാരൻ കൊല്ലപ്പെട്ടു

ശ്രീനഗറിലെ ലാല്‍ ബസാര്‍ മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് ആക്രമണം.

Update: 2022-07-12 17:40 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിൽ സായുധാക്രമണത്തിൽ ഒരു പോലിസുകാരൻ കൊല്ലപ്പെട്ടു. പോലിസ് ചെക്ക് പോസ്റ്റിന് നേരെയാണ് സായുധർ ആക്രമണം നടത്തിയത്. എഎസ്‌ഐ മുഷ്താഖ് അഹമ്മദാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തില്‍ രണ്ട് പോലിസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്രീനഗറിലെ ലാല്‍ ബസാര്‍ മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് ആക്രമണം. ചെക്ക് പോസ്റ്റിന് സമീപത്തെത്തിയ സായുധര്‍ പോലിസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലിസ് തിരിച്ചടിച്ചെങ്കിലും സായുധർ രക്ഷപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.

ഉന്നത പോലിസ് ഉദ്യോഗസ്ഥരും സൈന്യവും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. സായുധരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.