മല്‍സ്യത്തൊഴിലാളി ക്ഷേമത്തിന് പ്രത്യേക പാക്കേജ് വേണം: ടി എന്‍ പ്രതാപന്‍ എംപി

ഭവനങ്ങളും മല്‍സ്യബന്ധനോപകരണങ്ങളും കടല്‍ക്ഷോഭങ്ങളിലും മറ്റും നശിച്ചുപോവുന്നത് പതിവാണ്. ഇവരുടെ പുനരധിവാസം പലപ്പോഴും കാര്യക്ഷമമായി നടക്കാറില്ല. അധികമല്‍സ്യത്തൊഴിലാളികളുടെയും കുടുംബങ്ങള്‍ പട്ടിണിയിലാണ്.

Update: 2019-11-21 09:53 GMT

ന്യൂഡല്‍ഹി: മല്‍സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് ടി എന്‍ പ്രതാപന്‍ എംപി. കടല്‍ക്ഷോഭബാധിത പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും സംസ്ഥാനങ്ങളെ കേന്ദ്രം പ്രത്യേക ധനസഹായം നല്‍കി സഹായിക്കണമെന്നും പ്രതാപന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം കടലിലെ ആവാസവ്യവസ്ഥയെ തകിടംമറിച്ചുവെന്നും ഇത് മല്‍സ്യസമ്പത്തിനെ ഗണ്യമായി കുറച്ചുവെന്നും കടല്‍ക്ഷോഭവും പ്രകൃതി ദുരന്തങ്ങളും മല്‍സ്യത്തൊഴിലാളികളുടെ ജീവിതം നരകതുല്യമാക്കിയിരിക്കുകയാണെന്നും സഭയുടെ ശൂന്യവേളയില്‍ ടി എന്‍ പ്രതാപന്‍ ചൂണ്ടിക്കാട്ടി.

ഭവനങ്ങളും മല്‍സ്യബന്ധനോപകരണങ്ങളും കടല്‍ക്ഷോഭങ്ങളിലും മറ്റും നശിച്ചുപോവുന്നത് പതിവാണ്. ഇവരുടെ പുനരധിവാസം പലപ്പോഴും കാര്യക്ഷമമായി നടക്കാറില്ല. അധികമല്‍സ്യത്തൊഴിലാളികളുടെയും കുടുംബങ്ങള്‍ പട്ടിണിയിലാണ്. വിദ്യാഭ്യാസം മല്‍സ്യത്തൊഴിലാളികള്‍ക്ക് പലപ്പോഴും വിദൂര സ്വപ്‌നങ്ങളുമാണ്. ആദിവാസി സമൂഹം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദയനീയസ്ഥിതിയില്‍ കഴിയുന്നവര്‍ മല്‍സ്യത്തൊഴിലാളികളായിരിക്കുമെന്നും ടി എന്‍ പ്രതാപന്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News