'ഡല്‍ഹിയിലെ ചിലര്‍ എന്നെ ജനാധിപത്യം പഠിപ്പിക്കാന്‍ ശ്രമിക്കുന്നു'; രാഹുലിനെതിരേ പരോക്ഷ വിമര്‍ശനവുമായി മോദി

എന്നെ എപ്പോഴും അപമാനിക്കുന്ന ചിലയാളുകള്‍ ഡല്‍ഹിയിലുണ്ട്. ജനാധിപത്യത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നതാണ് ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പ്. ചിലര്‍ ഡല്‍ഹിയിലിരുന്ന് ജമ്മു കശ്മീരില്‍ നടത്തിയ മാറ്റങ്ങളെ വിമര്‍ശിക്കുന്നു. അവര്‍ ഒന്ന് പറയുന്നു മറ്റൊന്ന് പ്രവര്‍ത്തിക്കുന്നു.

Update: 2020-12-26 14:24 GMT

ശ്രീനഗര്‍: ഡല്‍ഹിയിലെ ചിലര്‍ തന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ജനാധിപത്യമില്ലെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അദ്ദേഹത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. ജമ്മുവിലെ ജനങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവരെ ചികില്‍സാസഹായം ലഭിക്കുന്ന ആരോഗ്യപദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ആരോഗ്യയോജന അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ 'ജനാധിപത്യമില്ല' എന്നും പ്രധാനമന്ത്രിക്കെതിരേ നിലകൊള്ളുന്നവരെ തീവ്രവാദികളെന്ന് മുദ്രകുത്തുകയും ചെയ്യുന്നു (അത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ആണെങ്കിലും) എന്നുമായിരുന്നു ആരോപണം. എന്നെ എപ്പോഴും അപമാനിക്കുന്ന ചിലയാളുകള്‍ ഡല്‍ഹിയിലുണ്ട്. ജനാധിപത്യത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നതാണ് ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പ്. ചിലര്‍ ഡല്‍ഹിയിലിരുന്ന് ജമ്മു കശ്മീരില്‍ നടത്തിയ മാറ്റങ്ങളെ വിമര്‍ശിക്കുന്നു. അവര്‍ ഒന്ന് പറയുന്നു മറ്റൊന്ന് പ്രവര്‍ത്തിക്കുന്നു.

ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്നവരുടെ തനി സ്വഭാവവും പൊള്ളത്തരവും വ്യക്തമാണ്. കേന്ദ്രഭരണപ്രദേശമായതിനുശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ ജമ്മുവില്‍ തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നു. പുതുച്ചേരിയില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്നിട്ടുപോലും അവിടെ തിരഞ്ഞെടുപ്പ് നടക്കുന്നില്ല. ആ പുതുച്ചേരിയെ ഭരിക്കുന്നവരാണ് എന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ വരുന്നത്- മോദി പറഞ്ഞു. ജനാധിപത്യത്തെ വേരുകള്‍ ശക്തിപ്പെടുത്തുന്നതിനായി ജമ്മുവിലെ ജനങ്ങള്‍ വികസനത്തിനായി വോട്ടുചെയ്തു.

സമാധാനപരമായി വോട്ടെടുപ്പ് നടന്നു. ചെറുപ്പക്കാരും പ്രായമായവരും പോളിങ് ബൂത്തുകളില്‍ എത്തിയത് ഞാന്‍ കണ്ടു. മഹാത്മാഗാന്ധി മുന്നോട്ടുവച്ച ഗ്രാമസ്വരാജ് എന്ന ആശയം ജമ്മുവിലെ ജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. എട്ടുഘട്ട തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത് അഭിനന്ദനാര്‍ഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ ബിജെപി 4.5 ലക്ഷം വോട്ടുകളാണ് നേടിയത്.

Tags:    

Similar News