ഇന്ത്യന്‍ സൈനികര്‍ക്ക് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാം; പക്ഷേ ലൈക്കും കമന്റും ഷെയറും പാടില്ല
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ നയത്തില്‍ സുപ്രധാനമായ ഭേദഗതികള്‍ വരുത്തി ഇന്ത്യന്‍ സൈന്യം. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സൈനികര്‍ക്ക് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കാണാനും നിരീക്ഷിക്കാനുമുള്ള ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഈ പുതിയ നീക്കത്തെ പാസീവ് പാര്‍ട്ടിസിപ്പേഷന്‍ എന്നാണ് സേന വിശേഷിപ്പിക്കുന്നത്. സൈനികര്‍ക്ക് ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റുകള്‍ കാണാമെന്നല്ലാതെ ലൈക്ക് ചെയ്യാനോ, കമന്റ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ സന്ദേശങ്ങള്‍ അയക്കാനോ അനുമതിയില്ല. സൈനികര്‍ക്കിടയില്‍ വിവരസാങ്കേതിക അവബോധം വളര്‍ത്തുന്നതിനാണ് ഈ ഇളവ് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കാന്‍ സൈനികര്‍ക്ക് കഴിയും.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മിലിട്ടറി ഇന്റലിജന്‍സ് വഴി പുറപ്പെടുവിച്ച ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സൈനിക യൂണിറ്റുകള്‍ക്കും വകുപ്പുകള്‍ക്കും അയച്ചിട്ടുണ്ട്.
വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായി വ്യത്യസ്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സേന പുറപ്പെടുവിച്ചിരിക്കുന്നത്. വാട്ട്സ്ആപ്പിലും സ്‌കൈപ്പിലും പൊതുവായ വിവരങ്ങള്‍ കൈമാറാന്‍ അനുമതിയുണ്ട്. ടെലഗ്രാം, സിഗ്‌നല്‍ മാധ്യമങ്ങളില്‍ പരിചിതരായ ആളുകളുമായി മാത്രം ആശയവിനിമയം നടത്താം. സന്ദേശം സ്വീകരിക്കുന്ന ആളെ കൃത്യമായി തിരിച്ചറിയേണ്ട ഉത്തരവാദിത്വം സൈനികനാണ്. യൂട്യൂബ്, എക്‌സ്, ക്വോറ എന്നിവയിലൂടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ സ്വന്തം നിലയില്‍ ഉള്ളടക്കങ്ങളോ സന്ദേശങ്ങളോ അപ്ലോഡ് ചെയ്യാന്‍ പാടില്ല. ലിങ്ക്ഡ്ഇന്നില്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ബയോഡാറ്റ അപ്ലോഡ് ചെയ്യാന്‍ മാത്രമേ അനുവാദമുള്ളൂ.
സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്ത് വിപിഎന്‍, ടോറന്റ് വെബ്സൈറ്റുകള്‍, ക്രാക്ക്ഡ് സോഫ്റ്റ്വെയറുകള്‍, അജ്ഞാത വെബ് പ്രോക്‌സികള്‍ എന്നിവ ഉപയോഗിക്കുന്നതിനെതിരെ സേന ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2019-ല്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ അംഗമാകുന്നതില്‍ നിന്ന് സൈനികരെ വിലക്കിയിരുന്നു. പിന്നീട് 2020-ല്‍ സുരക്ഷാ കാരണങ്ങളാല്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെ 89 മൊബൈല്‍ ആപ്പുകള്‍ നീക്കം ചെയ്യാനും ഉത്തരവിട്ടിരുന്നു.
