ലഡാക്ക്: ലഡാക്കിലെ സോജി ലാ പാസില്‍ ശ്രീനഗര്‍-ലേ ഹൈവേയില്‍ ഉണ്ടായ ഹിമപാതത്തില്‍ ഏഴു പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ഈ വന്‍ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഏകദേശം 15 വാഹനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ മഞ്ഞിനടിയിലായതായി അധികൃതര്‍ അറിയിച്ചു. ദ്രാസിലെ സോജില പാസിലെ 'ക്യാപ്റ്റന്‍-ടേണ്‍' എന്ന സ്ഥലത്തുവെച്ചാണ് ഉച്ചകഴിഞ്ഞ് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതെന്ന് പോലിസ് അറിയിച്ചു.
മരിച്ചവരില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്നുവെന്ന് ദ്രാസ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിശാല്‍ അത്രി അറിയിച്ചു. ഹൈവേയുടെ ഇരുവശങ്ങളില്‍ നിന്നും -കാശ്മീരിലെ സോനാമാര്‍ഗ് ഭാഗത്തുനിന്നും ലഡാക്കിലെ ദ്രാസ് ഭാഗത്തുനിന്നും- രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അത്രി പറഞ്ഞു.