പഞ്ചാബ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കര്‍ഷക സംഘടനകള്‍ ഇനി തങ്ങളുടെ ഭാഗമല്ല: സംയുക്ത കിസാന്‍ മോര്‍ച്ച

Update: 2022-01-15 18:58 GMT

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കര്‍ഷക യൂനിയനുകള്‍ ഇനി മുതല്‍ തങ്ങളുടെ ഭാഗമല്ലെന്ന് കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള സമരത്തിലുണ്ടായിരുന്ന കര്‍ഷക സംഘടനകളുടെ മഴവില്‍ സംഘടനയാണ് സംയുക്ത കിസാന്‍ മോര്‍ച്ച. സിംഘു അതിര്‍ത്തിയിലെ കോണ്ട്‌ലിയില്‍ നടന്ന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എസ്‌കെഎം നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. കര്‍ഷക സംഘടനകള്‍ പഞ്ചാബില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നില്ല.

തങ്ങള്‍ അതിന്റെ ഭാഗമാവില്ല. കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കാനുള്ള സമരം ശക്തമാക്കാനായി ബികെയു നേതാവ് രാകേഷ് ടിക്കായത്ത് ഈ മാസത്തില്‍ മൂന്ന് ദിവസം ലഖിംപൂര്‍ ഖേരിയില്‍ പര്യടനം നടത്തും. ഇരകളെയും ജയിലിലായ കര്‍ഷകരെയും ഉദ്യോഗസ്ഥരെയും ടിക്കായത്ത് സന്ദര്‍ശിക്കും. എന്നിട്ടും നടപടിയുണ്ടായില്ലെങ്കില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ റോഡുപരോധം അടക്കമുള്ള സമരങ്ങള്‍ നടത്തുമെന്ന് എസ്‌കെയു നേതാവ് യുധ്വീര്‍ സിങ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന സംഘടനകള്‍ എസ്‌കെഎമ്മിന്റെ ഭാഗമല്ല.

അവരുമായുള്ള ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് നാല് മാസത്തിന് ശേഷം എസ്‌കെഎമ്മിന്റെ യോഗത്തില്‍ ഞങ്ങള്‍ തീരുമാനിക്കും- എസ്‌കെഎം നേതാവ് ജോഗീന്ദര്‍ സിങ് ഉഗ്രന്‍ പറഞ്ഞു. എസ്‌കെഎമ്മിന് അവരുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഡല്‍ഹി അതിര്‍ത്തികളില്‍ നടന്ന കര്‍ഷക വിരുദ്ധ നിയമപ്രതിഷേധങ്ങളുടെ ഭാഗമായ എസ്‌കെഎമ്മിന്റെ രണ്ട് പ്രമുഖ നേതാക്കളായ ഗുര്‍നം സിങ് ചധുനിയും ബല്‍ബീര്‍ സിങ് രാജേവാളും പഞ്ചാബിലെ തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുണ്ട്. ചദുനി സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്‌കെഎം) പഞ്ചാബ് ഘടകം സംയുക്ത സമാജ് മോര്‍ച്ച രൂപീകരിച്ചു. നിരവധി കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടുന്ന സംയുക്ത സമാജ് മോര്‍ച്ച ബല്‍ബീര്‍ സിങ് രാജേവാളിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതികരണം.

Tags:    

Similar News