പഞ്ചാബിൽ ആറുവയസുകാരിയെ ബലാൽസംഗം ചെയ്ത് ചുട്ടുകൊന്നു; ഇരയായത് കുടിയേറ്റ തൊഴിലാളിയുടെ മകൾ

പഞ്ചാബ് സംസ്ഥാന പട്ടികജാതി കമീഷൻ ചെയർപേഴ്‌സൺ തേജീന്ദർ കൗർ സംഭവത്തെക്കുറിച്ച് സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടു

Update: 2020-10-23 05:41 GMT

ഹോഷിയാർപൂർ: പഞ്ചാബിൽ ആറുവയസുള്ള ദലിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് ചുട്ടുകൊന്നു. കുടിയേറ്റ തൊഴിലാളിയുടെ മകളാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. തണ്ടയിലെ ജലാൽപൂർ ഗ്രാമത്തിലാണ് ആറ് വയസുകാരിയെ ബലാൽസംഗം ചെയ്തു ചുട്ടുകൊന്നത്.

കൊലപാതകം, ബലാൽസംഗം, പോക്സോ കുറ്റങ്ങൾ ചുമത്തി രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ജലാൽപൂർ ഗ്രാമത്തിലെ യുവാവായ ഗുർപ്രീത് സിങ് അദ്ദേഹത്തിന്റെ മുത്തച്ഛൻ സുർജിത് സിങ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ കുടുംബം താമസിക്കുന്ന വീട്ടിൽ നിന്ന് ഗുർപ്രീത് സിങ് പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയാണ് ബലാൽസം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ പകുതി പൊള്ളലേറ്റ മൃതദേഹം ഇവരുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു.

അതേസമയം, പഞ്ചാബ് സംസ്ഥാന പട്ടികജാതി കമീഷൻ ചെയർപേഴ്‌സൺ തേജീന്ദർ കൗർ സംഭവത്തെക്കുറിച്ച് സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടു. ഒക്ടോബർ 26 നകം ഹോഷിയാർപൂർ സീനിയർ പോലിസ് സൂപ്രണ്ടിൽ നിന്ന് വിശദമായ റിപോർട്ട് തേടി.