ഡല്‍ഹിയില്‍ ആറു വയസുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരുവുനായ ശല്യം വര്‍ധിച്ചു വരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി. തലസ്ഥാനത്ത് ആറുവയസുകാരിയെ തെരുവുനായ കടിക്കുകയും പേവിഷബാധയേറ്റ് കുട്ടി മരിക്കുകയും ചെയ്ത സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. ഇത് വളരെ അസ്വസ്ഥത ഉളവാക്കുന്ന സന്ദര്‍ഭമാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയുടെ മരണം സംബന്ധിച്ച മാധ്യമ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബെഞ്ചിന്റെ നീക്കം.
സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാനും ഉചിതമായ നിര്‍ദേശങ്ങള്‍ക്കായി ഈ വിഷയം സംബന്ധിച്ച് റിപോര്‍ട്ടുകള്‍ ചീഫ് ജസ്റ്റിസ് ഭൂഷണ്‍ ആര്‍. ഗവായിയുടെ മുമ്പാകെ സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ബെഞ്ച് നിരീക്ഷിച്ചു. ജൂണ്‍ 30 നാണ് 6 വയസുകാരിയായ ചാവി ശര്‍മയെ തെരുവുനായ ആക്രമിക്കുന്നത്. ചാവി ശര്‍മക്ക് പ്രാഥമിക വൈദ്യസഹായം ലഭിച്ചിട്ടും പേവിഷബാധയേറ്റ് ജൂലായ് 26 ന് പെണ്‍കുട്ടി മരിക്കുകയായിരുന്നു.