കര്‍ണാടകയില്‍ വിനോദസഞ്ചാരത്തിനിടെ ഒരുകുടുംബത്തിലെ ആറുപേര്‍ ഒഴുക്കില്‍പ്പെട്ടു; രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി

Update: 2025-10-08 05:53 GMT

ബെംഗളൂരു: കര്‍ണാടകയില്‍ വിനോദസഞ്ചാരത്തിനിടെ ഒരുകുടുംബത്തിലെ ആറുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി മറ്റ് നാലുപേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. തുമകുരുവിലെ മര്‍കൊനഹള്ളി റിസര്‍വോയറില്‍ ചൊവ്വാഴ്ചയാണ് സംഭവം. ബി.ജി. പല്യ നിവാസികളായ പതിനഞ്ചുപേരാണ് ഇവിടേക്ക് വിനോദസഞ്ചാരത്തിന് എത്തിയതെന്ന് തുമകുരു എസ്പി അശോക് കെ വി പറഞ്ഞു.

കുനിഗല്‍ താലൂക്കിലെ മഗദിപല്യയിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സംഘം. തുടര്‍ന്നാണ് ഇവര്‍ റിസര്‍വോയറിന് അരികിലേക്കെത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴുപേരാണ് വെള്ളത്തിലിറങ്ങിയത്. അതിനിടെ ഡാമിന്റെ ഷട്ടറുകള്‍ തനിയെ തുറക്കുകയും അതിശക്തമായ ഒഴുക്കുണ്ടാവുകയും ചെയ്തു. ഇതോടെ ഏഴുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍നിന്ന് നവാസ് എന്നയാളെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും മറ്റ് ആറുപേരും ഒഴുകിപ്പോയി. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കണ്ടെടുത്ത മൃതദേഹങ്ങള്‍ രണ്ടും സ്ത്രീകളുടേതാണെന്നാണ് വിവരം. നാലും ഒന്നും പ്രായമുള്ള രണ്ടു പെണ്‍കുട്ടികള്‍ക്കും രണ്ട് മുതിര്‍ന്ന സ്ത്രീകള്‍ക്കും വേണ്ടിയുള്ള തിരച്ചിലാണ് നടക്കുന്നത്.