ജ്ഞാനപീഠം നേടിയ വൈരമുത്തുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക ചിന്മയി

Update: 2026-03-14 15:01 GMT

ചെന്നൈ: തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. വൈരമുത്തുവിനെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍ പങ്കുവെച്ച പോസ്റ്റ് റീഷെയര്‍ ചെയ്താണ് ചിന്മയി തന്റെ നിലപാട് വ്യക്തമാക്കിയത്. സ്വന്തം പാര്‍ട്ടിയിലെ ഒരു സ്ത്രീ പരസ്യമായി വൈരമുത്തുവിനെതിരെ രംഗത്തെത്തിയിട്ടും കമല്‍ഹാസന്‍ ഇത്തരത്തില്‍ ഒരു കുറിപ്പ് പങ്കുവെച്ചതിനെ വിമര്‍ശിച്ചാണ് ചിന്മയിയുടെ പോസ്റ്റ്.

'ഇദ്ദേഹത്തിന്റെ അമ്മാവനും മാര്‍ഗനിര്‍ദേശിയുമായ വ്യക്തിക്കെതിരെയാണ് സ്ത്രീകള്‍ ലൈംഗികാതിക്രമപരാതി നല്‍കിയത്. സിനിമയില്‍ അധികാരമുള്ള പുരുഷന്‍മാര്‍ രാഷ്ട്രീയക്കാരായി മാറുമ്പോള്‍ അവര്‍ ആ സ്ത്രീകളുടെ പരാതി കേള്‍ക്കാത്തതുപോലെ നടിക്കുന്നു. വോട്ട് ചെയ്യുന്ന സ്ത്രീകള്‍ ഓര്‍ക്കണം, പുരുഷന്‍മാര്‍ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല. ഏറ്റവും വിചിത്രമായ കാര്യം പരാതി ഉന്നയിച്ച് സ്ത്രീ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ അംഗമാണ് എന്നതാണ്. എല്ലാത്തിനും അവസാനം പുരുഷന്‍മാര്‍ അവരുടെ സഹോദരന്‍മാര്‍, അമ്മാവന്‍മാര്‍, അച്ഛന്‍മാര്‍, സുഹൃത്തുക്കള്‍, മാര്‍ഗനിര്‍ദേശകര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കും. സ്ത്രീകള്‍ക്ക് മാനസികാഘാതം സംഭവിച്ചാല്‍ ആര്‍ക്കാണ് വിഷമം?'- ചിന്മയി എക്സില്‍ കുറിച്ചു.

തമിഴ് സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതെന്നാണ് ജൂറിയുടെ വിലയിരുത്തല്‍. 2002-ന് ശേഷം ആദ്യമായാണ് തമിഴ്നാട്ടിലേക്ക് ജ്ഞാനപീഠമെത്തുന്നത്.




Tags: