ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ആര്‍ വൈരമുത്തുവിനെ പ്രശംസിച്ച രജനീകാന്തിനെതിരേയും ഗായിക ചിന്മയി

Update: 2026-03-15 06:52 GMT

ചെന്നൈ: ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ആര്‍ വൈരമുത്തുവിനെ അഭിനന്ദിച്ച സൂപ്പര്‍താരം രജനീകാന്തിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് ഗായിക ചിന്മയി. രജനീകാന്ത് എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ചിന്മയിയുടെ വിമര്‍ശനം. കഴിഞ്ഞദിവസം വൈരമുത്തുവിനെ പ്രശംസിച്ചതിന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെതിരെയും ചിന്മയി ശബ്ദമുയര്‍ത്തിയിരുന്നു.

നമ്മുടെ ഇന്ത്യയുടെ അഭിമാനമായ ജ്ഞാനപീഠ പുരസ്‌കാരം നേടിയ എന്റെ പ്രിയസുഹൃത്ത്, കവി പേരരശ് വൈരമുത്തുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് രജനീകാന്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 'അയ്യോ... നിങ്ങള്‍ക്കൊന്നും പറഞ്ഞാല്‍ മനസിലാവില്ലെന്നുവെച്ചാല്‍' എന്നാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ചിന്മയി പ്രതികരിച്ചത്.

വൈരമുത്തുവിന് ജ്ഞാനപീഠപുരസ്‌കാരം എന്ന വാര്‍ത്ത വന്നതിനുശേഷം രൂക്ഷമായ പ്രതികരണങ്ങളാണ് ചിന്മയി നടത്തുന്നത്. വേട്ടക്കാര്‍ക്കെതിരേ സ്ത്രീകളുയര്‍ത്തിയ കൂട്ടായശബ്ദം ഈ പുരസ്‌കാരപ്രഖ്യാപനത്തിലൂടെ നിശ്ശബ്ദമാക്കപ്പെടുകയാണെന്ന് വൈരമുത്തുവിനെതിരേ ആരോപണമുന്നയിക്കുകയും അതിജീവിതമാര്‍ക്ക് പിന്തുണനല്‍കുകയും ചെയ്ത ചിന്‍മയി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

''വ്യത്യസ്ത പ്രായത്തിലുള്ള ഒട്ടേറെ സ്ത്രീകള്‍ ഒരു പ്രമുഖ ഗാനരചയിതാവില്‍നിന്ന് ലൈംഗികാതിക്രമങ്ങള്‍ നേരിട്ട കാര്യം വെളിപ്പെടുത്തിക്കൊണ്ട് 2018-ല്‍ രംഗത്തുവരുകയുണ്ടായി. ആ സ്ത്രീകളുടെ കൂട്ടായ പ്രതിഷേധങ്ങളെ നിശ്ശബ്ദമാക്കിക്കൊണ്ട്, ആ വ്യക്തിക്ക് ജ്ഞാനപീഠം നല്‍കപ്പെട്ടിരിക്കുകയാണ്. ഇതിനുമുന്‍പ് ജ്ഞാനപീഠം നേടിയ ജയകാന്തനെപ്പോലുള്ള ഒരു മഹാനായ എഴുത്തുകാരന്റെ പേരില്‍ വ്യാജ കത്ത് ചമച്ചെന്ന ആരോപണം നേരിട്ടയാളാണ് അദ്ദേഹം. നീതിക്കായി കാത്തിരിക്കുന്ന ഒരുപാട് സ്ത്രീകളുടെ ശബ്ദം ഇവിടെ അവഗണിക്കപ്പെടുകയാണ്. പോരാട്ടം തുടരുന്ന ഓരോ സ്ത്രീയും ഈ നിശ്ശബ്ദമാക്കലിന്റെ ഇരകളാണ്'' -ചിന്‍മയി പറഞ്ഞു.

മുന്‍പ് കേരളത്തില്‍നിന്ന് വൈരമുത്തുവിന് ഒ എന്‍ വി കുറുപ്പ് അവാര്‍ഡ് പ്രഖ്യാപിച്ചെങ്കിലും സാംസ്‌കാരിക കേരളത്തില്‍ നിന്നുള്ള ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ആ തീരുമാനം പിന്‍വലിക്കേണ്ടിവന്നെന്ന കാര്യം ചിന്‍മയി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.