ബെംഗളൂരുവിലെ മെട്രോ സ്റ്റേഷന് കന്യാമറിയത്തിന്റെ പേരിടുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: ബെംഗളൂരുവിലെ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നല്‍കാനുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പിങ്ക് ലൈനിലെ ശിവാജിനഗര്‍ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. സെന്റ് മേരീസ് ബസിലിക്കയിലെ വാര്‍ഷിക തിരുനാളില്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോക്കാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. മെട്രോ സ്റ്റേഷന് സെന്റ് മേരി എന്ന് പേരിടാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചതായി ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ അയയ്ക്കുമെന്നും അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, പേര് മാറ്റുന്നതിനുള്ള ഔദ്യോഗിക തിയ്യതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസിലിക്കയുടെ നവീകരണത്തിന് ധനസഹായം നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ശിവാജിനഗര്‍ ബസ് ഡിപ്പോയ്ക്ക് സമീപമാണ് ചരിത്ര പ്രസിദ്ധമായ സെന്റ് മേരീസ് ബസിലിക്ക സ്ഥിതി ചെയ്യുന്നത്.
അതേസമയം, ഈ പ്രഖ്യാപനം വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കി. ബെംഗളൂരുവിന്റെ മെട്രോ സംവിധാനം വിഭാവനം ചെയ്ത നടന്‍ ശങ്കര്‍ നാഗ് നഗരത്തെ മറ്റൊരു സിംഗപ്പൂരാക്കി മാറ്റണമെന്ന് സ്വപ്നം കണ്ടിരുന്നുവെന്നും പദ്ധതിക്കായി നൂതന സാങ്കേതികവിദ്യ പഠിക്കുന്നതില്‍ നിക്ഷേപം നടത്തിയെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഓര്‍മ്മിച്ചു. ശങ്കര്‍ നാഗിന്റെ സംഭാവനകള്‍ ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ പേര് മെട്രോയില്‍ ആദരിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തെ അവഗണിക്കുന്നത് അനീതിയാണെന്ന് പലരും അഭിപ്രായപ്പെട്ടു.
1980 കളില്‍ മറ്റ് രാജ്യങ്ങളിലെ മെട്രോ റെയില്‍ ശൃംഖലകളെക്കുറിച്ച് പഠിച്ച വ്യക്തിയായിരുന്നു ശങ്കര്‍ നാഗ്. അദ്ദേഹം ബെംഗളൂരുവില്‍ നഗര റെയില്‍ ഗതാഗത സംവിധാനത്തിനായി വാദിച്ചു. എങ്കിലും ഒരു സ്റ്റേഷനും അദ്ദേഹത്തിന്റെ പേര് നല്‍കിയിട്ടില്ല. ബെംഗളൂരുവിലെ 83 മെട്രോ സ്റ്റേഷനുകളില്‍ പലതും വിവിധ വ്യക്തികളുടെയും ആത്മീയ നേതാക്കളുടെയും പേരിലാണ് അറിയപ്പെടുന്നത്.
